പങ്കാളി കൈമാറ്റ കേസ്, വെട്ടേറ്റു മരിച്ച പരാതിക്കാരിയുടെ ഭര്‍ത്താവ് വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയില്‍

May 20, 2023
30
Views

പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരി കൊല്ലപ്പെട്ടതിന് പിന്നാലെ കുറ്റാരോപിതനായ ഭര്‍ത്താവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.

കോട്ടയം: പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരി കൊല്ലപ്പെട്ടതിന് പിന്നാലെ കുറ്റാരോപിതനായ ഭര്‍ത്താവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.

കൊലപാതകത്തിലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഷിനോ മാത്യുവിനെയാണ് വിഷം ഉള്ളില്‍ചെന്ന് നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇയാളെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

സംസ്ഥാനത്ത് ഏറെ വിവാദമായ പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിലെ ഏക പരാതിക്കാരിയായ യുവതിയെ വെട്ടേറ്റ നിലയില്‍ വീട്ടുമുറ്റത്താണ് കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച്‌ വീട്ടുമുറ്റത്ത് കമിഴ്‌ന്നുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ മണര്‍കാട് സ്വദേശിനിയായ 26കാരിയെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസില്‍ പ്രതിയായ യുവതിയുടെ ഭര്‍ത്താവ് ഷിനോ മാത്യുവാണ് ആക്രമണത്തിന് പിന്നിലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. പിന്നാലെയാണ് ഷിനോയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവസമയത്ത് യുവതിയുടെ പിതാവും സഹോദരനും ജോലിക്ക് പോയിരുന്നു. മക്കള്‍ കളിക്കാന്‍ പോയിരുന്നു. ഇവര്‍ മടങ്ങിവന്നപ്പോഴാണ് യുവതിയെ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടത്. യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഭര്‍ത്താവടക്കം ഏഴുപേരെ പങ്കാളിയെ കൈമാറ്റം ചെയ്‌ത സംഭവത്തില്‍ അറസ്‌റ്റ് ചെയ്‌തത്. യുവതിയുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ വലിയ സംഘത്തെക്കുറിച്ചുള്ള വിവരമാണ് പൊലീസിന് ലഭിച്ചത്. മെസഞ്ചര്‍, ടെലിഗ്രാമടക്കം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കാളിയെ കൈമാറി കടുത്ത ലൈംഗിക ചൂഷണത്തിനിരയാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കപ്പിള്‍ മീറ്റപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു ഭാര്യമാരെ സംഘാംഗങ്ങള്‍ കൈമാറിയിരുന്നത്.

ഒന്‍പത് പേര്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് യുവതിയെ വിധേയയാക്കിയിരുന്നു. ബന്ധത്തിന് തയ്യാറാകാതെ വരുമ്ബോള്‍ കുട്ടികളെയടക്കം ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 2022 ജനുവരി മാസത്തിലാണ് യുവതിയുടെ ഭര്‍ത്താവടക്കം പൊലീസ് പിടിയിലായത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *