ന്യൂഡല്‍ഹി: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ അനുവദിച്ച മൂന്ന് ദിവസത്തെ ഇളവ് ഇന്ന് അവസാനിക്കുന്നതിനാല്‍ വിഷയത്തില്‍ ഇടപെടുന്നില്ല. അല്ലായിരുന്നെങ്കില്‍ ഇളവ് റദ്ദ് ചെയ്യുമായിരുന്നുവെന്നും കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി.
മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം കേരളം നിഷേധിക്കരുതെന്ന് കോടതി ഓര്‍മിപ്പിച്ചു. തീവ്രവ്യാപന മേഖലയായ ഡി കാറ്റഗറിയില്‍ എന്തിന് ഇളവ് നല്‍കിയെന്നും ജീവനും ആരോഗ്യവും സംരക്ഷിക്കാത്ത സ്ഥിതി ദയനീയമാണെന്നും കോടതി വിമര്‍ശിച്ചു. നിലവിലെ ഇളവുകള്‍ കൊണ്ട് സ്ഥിതി രൂക്ഷമായാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഏത് പൗരനും കോടതിയെ സമീപിക്കാമെന്നും ജസ്റ്റീസ് റോഹിംഗ്ടണ് നരിമാന് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
ഡല്‍ഹി മലയാളിയായ പി.കെ.ഡി. നന്പ്യാരാണ് ബക്രീദ് ഇളവുകള്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംസ്ഥാനത്തോട് വിശദീകരണം നല്കാന് കോടതി തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു.
വിദഗ്ധ സമിതിയുമായി കൂടിയാലോചിച്ചാണ് ഇളവ് നല്‍കിയതെന്നാണ് കേരളം കോടതിയെ ബോധിപ്പിച്ചത്. വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധിയും വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കോടതി ഇക്കാര്യങ്ങളൊന്നും പരിഗണിച്ചില്ല.