ഗവർണർമാർ ജനങ്ങൾ തെരഞ്ഞെടുത്ത അധികാരികളല്ലെന്ന്‌ സുപ്രീം കോടതി; ബില്ലുകൾ ഒപ്പിടാൻ വൈകിപ്പിക്കുന്നത്‌ അവസാനിപ്പിക്കണം

November 6, 2023
27
Views

ന്യൂഡൽഹി : നിയമസഭ പാസാക്കുന്ന ബില്ലുകൾ വൈകിപ്പിക്കുന്ന സംസ്ഥാന ഗവർണർമാരുടെ നടപടികൾക്കെതിരെ സുപ്രീം കോടതി. ഇത്തരം കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കോടതിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടാകാതെ നോക്കണമെന്ന്‌ സുപ്രീം കോടതി പറഞ്ഞു. ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഢ്‌ അധ്യക്ഷനായ ബഞ്ചിന്റേതാണ്‌ പരാമർശം. പഞ്ചാബ്‌ ഗവർണർ ബൻവരിലാൽ പുരോഹിതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഹർജി വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും. കേരള, തമിഴ്‌നാട്‌ സർക്കാരുകളുടെ സമാനമായ ഹർജികളും ഇതോടൊപ്പം പരിഗണിക്കും.

സർക്കാരുകൾ സുപ്രീം കോടതിയെ സമീപിച്ചതിന്‌ ശേഷം മാത്രമാണ്‌ ഗവർണർമാർ ബില്ലുകളിൽ ഇടപെടുന്നത്‌. ഈ സാഹചര്യം അവസാനിപ്പിക്കണം. തെലങ്കാന സർക്കാരിന്റേതും സമാന കേസ്‌ ആയിരുന്നുവെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ഗവർണർമാർ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട അധികാരികളല്ല. ഇത്തരം വിഷയങ്ങൾ ഗവർണർക്കും മുഖ്യമന്ത്രിക്കും ഇടയിൽ തീർപ്പാക്കാനാകണം.

പഞ്ചാബ്‌ നിയമസഭ പാസാക്കിയ പ്രധാനപ്പെട്ട ബില്ലുകൾ ഉൾപ്പെടെ ജൂലൈ മുതൽ ഗവർണർ പിടിച്ചുവച്ചിരിക്കുകയാണെന്ന്‌ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌ സിങ്‌വി കോടതിയെ ധരിപ്പിച്ചു. കേരള സർക്കാരും സമാനമായ ഹർജി നൽകിയിട്ടുണ്ടെന്നും ഈ കേസിനൊപ്പം വെള്ളിയാഴ്‌ച അതുകൂടി പരിഗണിക്കണമെന്നും മുൻ അറ്റോണി ജനറൽ കെ കെ വേണുഗോപാലാണ്‌ ആവശ്യപ്പെട്ടത്‌. കേരള, തമിഴ്‌നാട്‌ സർക്കാരുകളുടേയും ഹർജികൾ ഇതോടൊപ്പം പരിഗണിക്കാമെന്ന്‌ ജസ്‌റ്റിസ്‌ ജെ ബി പർധിവാല, ജസ്‌റ്റിസ്‌ മനോജ്‌ മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച്‌ അറിയിച്ചു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *