ദുബൈ: ദുബൈ ഫ്യൂച്ചര്‍ മ്യൂസിയത്തെ ‘ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം’ എന്ന് വിശേഷിപ്പിച്ചത് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമാണ്. ആ വാക്കുകള്‍ വിശ്വാസത്തിലെടുത്താല്‍ യു.എ.ഇ ഇന്ന് ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നത് വിസ്മയച്ചെപ്പായിരിക്കും.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ദുബൈയുടെ അഭിമാന സ്തംഭമായ മ്യൂസിയം ഓഫ് ഫ്യൂച്ചര്‍ ഇന്ന് നാടിനായി തുറക്കും. 09.09.09 എന്ന അപൂര്‍വം ദിനത്തില്‍ ദുബൈ മെട്രോ തുറന്നുകൊടുത്ത ഭരണാധികാരികള്‍ 22.02.2022നാണ് മ്യൂസിയം ഓഫ് ഫ്യൂച്ചറും ലോകത്തിന് സമര്‍പ്പിക്കുന്നത്. പുതിയ ‘സുഹൃത്തിന്’ വരവേല്പൊരുക്കി യു.എ.ഇയിലെ അഭിമാനസ്തംഭങ്ങളായ കെട്ടിടങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ വിളക്കണിഞ്ഞിരുന്നു.
എക്സിബിഷന്, ഇമ്മേഴ്സിവ് തിയറ്റര്‍ തുടങ്ങിയവ സംയോജിപ്പിച്ച സംവിധാനമാണ് കെട്ടിടത്തിനകത്ത്. ഏഴു നിലകളുള്ള ഉള്‍ഭാഗം സിനിമ സെറ്റ് പോലെ താമസിക്കാനും പങ്കുവെക്കാനും സംവദിക്കാനും കഴിയുന്ന സ്ഥലമായാണ് നിര്‍മിച്ചിരിക്കുത്. ലോക പ്രശസ്ത ഡിസൈനര്‍മാര്‍ ചേര്‍ന്നാണ് കെട്ടിടത്തിന്റെ അകത്തെ സൗകര്യങ്ങളും രൂപകല്പന ചെയ്തിട്ടുള്ളത്.
മൂന്ന് നിലകളിലെ എക്സിബിഷനില്‍ ബഹിരാകാശ സഞ്ചാരം, എക്കോസിസ്റ്റം, ബയോ എന്‍ജിനീയറിങ്, ആരോഗ്യം, ആത്മീയത എന്നീ കാര്യങ്ങള്‍ വിഷയമായിവരുന്നുണ്ട്. ഏത് കലാരൂപമാണ് പ്രദര്‍ശനത്തില്‍ ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ സന്നാഹങ്ങളോടെയായിരിക്കുമിതെന്ന് ഉറപ്പാണ്. യു.എ.ഇയിലെതന്നെ ഏറ്റവും തിരക്കേറിയ ഹൈവേയായ ശൈഖ് സായിദ് റോഡിന് സമീപം, എമിറേറ്റ്സ് ടവറിന് അടുത്തായാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.
കെട്ടിടത്തിന്റെ പുറംഭാഗം പൂര്‍ണമായും മനോഹരമായ കലിഗ്രഫികളാലാണ് അലങ്കരിച്ചത്. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ദുബൈയുടെ ഭാവിയെ കുറിച്ച് രചിച്ച കവിതയാണ് കാലിഗ്രഫിയുടെ ഉള്ളടക്കം. ‘വരുംകാലത്തെ സങ്കല്‍പ്പിക്കാനും രൂപകല്പന ചെയ്യാനും നടപ്പാക്കാനും കഴിയുന്നവരുടേതാണ് ഭാവി. അത് നിങ്ങള്‍ കാത്തിരിക്കേണ്ട ഒന്നല്ല, മറിച്ച് സൃഷ്ടിക്കേണ്ടതാണ്’എന്ന അര്‍ഥമാണ് എഴുത്തിലെ വരികള്ക്കുള്ളത്.
വൃത്താകൃതിയിലുള്ള കെട്ടിടത്തിന്റെ രൂപം മനുഷ്യത്വത്തെയും താഴ്ഭാഗത്തെ പച്ച നിറത്തിലെ ഭാഗം ഭൂമിയെയും ഒഴിഞ്ഞഭാഗം വരാനിരിക്കുന്ന അജ്ഞാതമായ ഭാവിയെയും പ്രതിനിധീകരിക്കുന്നു. വൃത്താകൃതിയിലുള്ള ഇത്തരമൊരു കെട്ടിടം ലോകത്തുതന്നെ ആദ്യമാണെന്ന പ്രത്യേകത കൂടിയുണ്ട്.
മനുഷ്യ നാഗരികതയുടെ ചരിത്രത്തില്‍ അറബ് ലോകം നല്കിയ സംഭാവനകളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നേരേത്ത ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് പ്രഖ്യാപിച്ച പദ്ധതിയുടെ ആസ്ഥാനവും മ്യൂസിയമാണ്. ‘ഗ്രേറ്റ് അറബ് മൈന്‍ഡ്സ് ഫണ്ട്’നാമകരണം ചെയ്ത സംരംഭത്തിലൂടെ ഫിസിക്സ്, മാത്തമാറ്റിക്സ്, കോഡിങ്, ഗവേഷണം, സാമ്ബത്തികശാസ്ത്രം തുടങ്ങിയ മേഖലകളിലെ ആയിരം അറബ് പ്രതിഭകളെ സഹായിക്കും. 10കോടി ദിര്‍ഹം വകയിരുത്തിയ പദ്ധതിയില്‍ യു.എ.ഇക്ക് പുറമെ മറ്റു അറബ് രാജ്യങ്ങളിലുള്ള പ്രതിഭകളെയും പരിഗണിക്കുന്നുണ്ട്.