ആഡംബര ടൂറിസ്റ്റ് ബസുകൾ തൂക്കി വിൽക്കാനൊരുങ്ങി കൊച്ചിയിലെ ട്രാവൽസ് ഉടമ: കിലോയ്ക്ക് 45 രൂപ

February 12, 2022
285
Views

കൊച്ചി: കൊറോണ പ്രതിസന്ധിയെ തുടർന്ന് ലക്ഷങ്ങൾ മുടക്കി വാങ്ങിയ ആഡംബര ടൂറിസ്റ്റ് ബസുകൾ തൂക്കി വിൽക്കാനൊരുങ്ങി കൊച്ചിയിലെ റോയൽ ട്രാവൽസ് ഉടമ റോയി. രണ്ട് വർഷമായി ടൂറിസ്റ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ബസുകൾ തൂക്കി വിൽക്കുന്നുവെന്ന് ബസുടമ സമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്. അധികം പഴക്കമില്ലാത്ത വാഹനങ്ങളാണ് ഇവർക്കുള്ളത്.

കേരളത്തിലെ എല്ലാ ടൂറിസ്റ്റ് ബസുകളും ലോൺ എടുത്താണ് വാങ്ങിയിട്ടുള്ളത്. കൊറോണ പ്രതിസന്ധിയെ തുടർന്ന് ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസുകാർ വീട്ടിലെത്തി തുടങ്ങിയതോടെയാണ് ബസുകൾ വിൽക്കാൻ തീരുമാനിച്ചതെന്നാണ് റോയി പറയുന്നത്. തന്റെ വാഹനങ്ങളിൽ ചിലതിന്റെ ഫിനാൻസ് കഴിഞ്ഞതാണ്. അതിനാൽ ആ ബസുകൾ വിറ്റ് ലോൺ തീർക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഹനമായി വിൽക്കാൻ ബുദ്ധിമുട്ട് ആയതിനാലാണ് കിലോ 45 രൂപയ്ക്ക് തൂക്കി വിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക്ഡൗൺ ഇളവ് നൽകിയതിനെ തുടർന്ന് കഴിഞ്ഞ ജനുവരി ഒന്നിന് ടാക്സും ഇൻഷുറൻസും അടച്ച് വാഹനം നിരത്തുകളിൽ ഇറക്കിയിരുന്നു. എന്നാൽ, വഴി നീളെ പോലീസ് ചെക്കിങ്ങിന്റെ പേരിൽ ബുദ്ധിമുട്ട് നേരിടുകയാണ്. 44,000 രൂപ ടാക്സ് അടച്ച തന്റെ ഒരു ബസിന് ഞായറാഴ്ച ഓടിയെന്ന് കാണിച്ച് കേവളം പോലീസ് 2000 രൂപ പിഴ നൽകി. ഡ്രൈവറിന്റെ കൈവശം പണമില്ലാത്തതിനാൽ യാത്രക്കാരനിൽനിന്ന് ആ പണം വാങ്ങിയാണ് പിഴയൊടുക്കിയതെന്നാണ് റോയി പറയുന്നത്.

മുൻകൂട്ടി നിശ്ചയിക്കുന്ന ടൂറുകൾ നടത്താമെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഓട്ടമെടുത്തത്. ടാക്സിന് പുറമെ, 80,000 രൂപ ഇൻഷുറൻസ് അടച്ചാണ് ഈ ബസുകൾ റോഡിലിറങ്ങുന്നത്. വാഹനങ്ങളുടെ രേഖകൾ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ വാഹൻ സൈറ്റിൽ പരിശോധിക്കാം. ഇതിൽ വാഹനത്തിന്റെ പെർമിറ്റ്, ഇൻഷുറൻസ്, പുക പരിശോധന, ടാക്സ് തുടങ്ങി എല്ലാം അടച്ചതിന്റെ വിവരങ്ങളുണ്ട്. എന്നിട്ടും പോലീസ് ബസിന് പിഴയിടുകയായിരുന്നു.

വാഹനം വിൽക്കുന്നത് പ്രതിഷേധമായി മാത്രമല്ല, ഈ ബസുകൾ വിൽക്കുകയാണെങ്കിൽ തനിക്ക് താത്കാലികമായെങ്കിലും പിടിച്ച് നിൽക്കാൻ സാധിക്കും. വാഹനങ്ങളുടെ ലോൺ അൽപ്പമെങ്കിലും അടയ്ക്കാൻ സാധിക്കുമെന്നും റോയി പറഞ്ഞു. കേരളത്തിലേക്ക് വരാനിരുന്ന യാത്രക്കാർ മുഴുവൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര മാറ്റുകയാണ്. ഇതിനൊപ്പം അനാവശ്യമായ പോലീസ് ചെക്കിങ്ങുകൾ ഉൾപ്പെടെയുള്ള നടപടി കൂടി ഈ മേഖലയെ ബുദ്ധമുട്ടിക്കുകയാണ്. വാഹനം വിൽക്കുന്നതിലൂടെ കടബാധ്യതയെങ്കിലും കുറയുമല്ലോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

റോയൽ ട്രാവൽസിന്റെ പേരിൽ 20 ബസുകൾ ലോക്ക്ഡൗണിന് മുമ്പ് ഉണ്ടായിരുന്നു. എന്നാൽ, 10 വാഹനങ്ങൾ കിട്ടിയ വിലയ്ക്ക് വിറ്റ് ഒഴിവാക്കുകയായിരുന്നു. ഇനിയുള്ള ബസുകൾ കൂടി വിറ്റാൽ മാത്രമേ പിടിച്ച് നിൽക്കാൻ സാധിക്കൂ. എല്ലാം ബസുകളും വിൽക്കാൻ ആഗ്രഹമുണ്ടെങ്കിലും ലോൺ ഉള്ളതിനാൽ അത് സാധിക്കില്ല. 36 മുതൽ 40 ലക്ഷം രൂപ വരെ ലോൺ ഉള്ള ബസുകളാണ് തനിക്കുള്ളതെന്നാണ് റോയി പറയുന്നത്. നിരന്തരമായി പിഴ ഉൾപ്പെടെയുള്ള നടപടികളും വരുന്നതോടെയാണ് ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *