തിരുവനന്തപുരം വിമാനത്താവള വികസനം: കൂടുതൽ ഭൂമി ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്; ചർച്ചകൾ പ്രാരംഭ ഘട്ടത്തിൽ

February 20, 2022
87
Views

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്. വിമാനത്താവളത്തിന് സമീപത്തുളള വാണിജ്യ സമുച്ചയമുൾപ്പടെ ഏറ്റെടുക്കുന്നിനെ കുറിച്ചാണ് അദാനി ഗ്രൂപ്പ് ആലോചനകൾ നടത്തുന്നത്. ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നാണ് വിമാനത്താവള അധികൃതർ അറിയിക്കുന്നത്.

വിമാനത്താവളം ഏറ്റെടുത്തതിന് പിന്നാലെ വിമാനത്താവള വികസനത്തിനായുള്ള നടപടികളിലേക്ക് കടന്ന് അദാനി ഗ്രൂപ്പ്. മൂന്നാം ടെർമിനൽ ഒരുക്കുകയാണ് ലക്ഷ്യം. ഇതിനായി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള ചില വാണിജ്യസമുച്ചയാണ് പരിഗണിക്കുന്നത്. പരിഗണനയിലുള്ള വാണിജ്യ സമുച്ചയങ്ങൾ ഏറ്റെടുത്താൽ വിമാനത്താവളത്തിലേക്ക് പാതയും, പാർവതി പുത്തനാറിന് കുറുകെ പാലവും ഒരുക്കി, ടെർമിനലും വിപുലമായ വാണിജ്യകേന്ദ്രവും പണിയാമെന്നാണ് കണക്കുക്കൂട്ടൽ. പ്രാഥമിക ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.

ജലഗതാഗത പാത സജ്ജമാകുന്നതോടെ, വിമാനത്താവളവും പാർവതി പുത്തനാറും തമ്മിൽ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇങ്ങനെ ഒരേ സമയം, ജലപാതയിലേക്കും, നഗരഹൃദയത്തിലേക്കും വിമാനത്താവളും ബന്ധിപ്പിക്കാനാണ് ലക്ഷ്യം. നേരത്തെ വിമാനത്താവള വികസനത്തിനായി 18 ഏക്കർ ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് നൽകാനുള്ള നപടികൾ സർക്കാർ തുടങ്ങിയിരുന്നു.

എന്നാൽ അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തതോടെ ഇനി അതിനുള്ള ശ്രമമുണ്ടാകുമോ എന്നും സംശയമുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മറ്റ് ഭൂമി കണ്ടെത്താനുള്ള ശ്രമം. ഭൂമി ഏറ്റെടുപ്പിന് മുമ്പായി അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കലാണ് ലക്ഷ്യം. ഇതിനായി അടുത്ത വർഷത്തോടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതും പരിഗണനയിലുണ്ട്.

വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കുള്ള സൗകര്യങ്ങളൊരുക്കാനും വിമാനത്താവളത്തിൻ്റെ വികസനത്തിനുമാണ് പ്രധാന പരിഗണനയെന്ന് അദാനി ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തെ അഞ്ചാമത്തെ രാജ്യാത്തര വിമാനത്താവളം അന്‍പത് വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ച നടപടികൾ പൂർത്തിയാകും മുൻപായിരുന്നു കൈമാറ്റം.

റൺവേ അടക്കം വിമാനത്താവള വികസനം, കൂടുതൽ സർവീസ്, നിരക്കുകളിലെ കുറവ് എന്നിവയാണ് വരും വർഷങ്ങളിൽ ഉറ്റുനോക്കുന്നത്. വിമാനത്താവളം അദാനി എറ്റെടുത്തെങ്കിലും കസ്റ്റംസും എയര്‍ട്രോഫിക്കും, സുരക്ഷയും കേന്ദ്ര സര്‍ക്കാരിന്‍റെ ചുമതലയാണ്. ഏറ്റെടുക്കല്‍ പൂര്‍ത്തായായെങ്കിലും മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *