ലഖ്‌നൗ: പരീക്ഷകൾക്ക് കടലാസ് തുണ്ടുകളുപയോഗിച്ച് കോപ്പിയടിക്കുന്ന രീതികൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സാങ്കേതിക വിദ്യകൾ പുരോഗമിച്ചപ്പോൾ കോപ്പിയടികളിലും പുരോഗമനം ഉണ്ടായി. അത്തരം ഒരു സംഭവമാണ് ഉത്തർപ്രദേശിൽ ഉണ്ടായത്.
സർക്കാർ ജോലിക്കായുള്ള മത്സര പരീക്ഷയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചയാളെ പിടികൂടി. വിഗ്ഗിനിടയിൽ വയർലെസ് ഇയർഫോൺ ഘടിപ്പിച്ച് പരീക്ഷ എഴുതാൻ ശ്രമിച്ചയാളെയാണ് പിടികൂടിയത്. ഉത്തര്‍പ്രദേശ് പൊലീസിന്‍റെ സബ് ഇന്‍സ്പെക്ടര്‍ പരീക്ഷയിലാണ് ഹൈടെക്ക് കോപ്പിയടി ശ്രമം നടന്നത്.
ഐപിഎസ് ഉദ്യോഗസ്ഥനായ രൂപിൻ ശർമ്മയാണ് ഇയാളെ പിടികൂടുന്നതിൻറെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഉത്തർപ്രദേശ് പൊലീസിലേക്കുള്ള മത്സര പരീക്ഷയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചയാളെയാണ് പൊലീസ് കയ്യോടെ പൊക്കിയത്. തലയിൽ വെച്ച വിഗ്ഗിനടിയിൽ സിമ്മും വയറുകളും ഘടിപ്പിച്ചാണ് പരീക്ഷയെഴുതാൻ ഇയാൾ എത്തിയത്. പുറത്തു കാണാത്ത രീതിയിൽ ചെവിക്കുള്ളിൽ ഇയർഫോണുകളും ധരിച്ചിരുന്നു.
മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് തട്ടിപ്പ് പൊലീസ് കണ്ടെത്തുന്നത്. വിഗ്ഗും ചെവിയിലെ ഇയർഫോണും പൊലീസുകാർ അഴിച്ചുമാറ്റുന്ന ദൃശ്യങ്ങൾ നാഗാലൻഡ് ഡിജിപി രുപിൻ ശർമ്മയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. തട്ടിപ്പുകാരനെ പിടികൂടിയ ഉത്തർപ്രദേശ് പൊലീസിനെ അഭിനന്ദിച്ച് കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.