20 യൂട്യൂബ് ചാനലുകള്‍ക്കും രണ്ട് വാര്‍ത്ത വെബ്‌സൈറ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

December 22, 2021
186
Views

ന്യൂദല്‍ഹി: തെറ്റായവാര്‍ത്തകളും രാജ്യവിരുദ്ധ ഉള്ളടക്കവും പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 20 യൂട്യൂബ് ചാനലുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രണ്ട് വാര്‍ത്ത വെബ്‌സൈറ്റുകളും നിരോധിച്ചിട്ടുണ്ട്.

രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് യൂട്യൂബ് ചാനലുകളും വാര്‍ത്താ വെബ്സൈറ്റുകളും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിരോധിച്ചത്.കശ്മീര്‍, ഇന്ത്യന്‍ ആര്‍മി, രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്ത് തുടങ്ങി വിവിധ വിഷയങ്ങളില്‍ തെറ്റിധാരണ ഉണ്ടാക്കുന്ന ഉള്ളടക്കം നിര്‍മിച്ച് പ്രചരിപ്പിച്ചുവെന്നാണ് ആരോപണം.

നിരവധി യൂട്യൂബ് ചാനലുകളുടെ ശൃംഖലയുള്ള ‘നയാ പാകിസ്താന്‍’ ഗ്രൂപ്പിന്റെ ചാനലുകളും നിരോധിച്ചവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. കര്‍ഷകരുടെ പ്രതിഷേധം, പൗരത്വ (ഭേദഗതി) നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍, ഇന്ത്യാ ഗവണ്‍മെന്റിനെതിരെ ന്യൂനപക്ഷങ്ങളെ ഇളക്കിവിടാന്‍ ശ്രമിച്ചെന്നും ഇത്തരത്തില്‍ ഉള്ള ഉള്ളടക്കം ഈ ചാനലുകളില്‍ ഉണ്ടായിരുന്നെന്നും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ജനാധിപത്യ പ്രക്രിയയെ തകര്‍ക്കാന്‍ ഈ ചാനലുകള്‍ ഉള്ളടക്കം ഉപയോഗിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നെന്നും കേന്ദ്രം പറഞ്ഞു.

രഹസ്യാന്വേഷണ ഏജന്‍സികളുമായി ഏകോപിച്ചാണ് യൂട്യൂബ് ചാനലുകളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാന്‍ മന്ത്രാലയം തീരുമാനിച്ചത്. 2021-ലെ ഇന്‍ഫേര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍ 16-ന്റെ റൂള്‍ 16-ന് കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് മന്ത്രാലയം, ചാനലുകളും പോര്‍ട്ടലുകളും തടയുന്നതിന് ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് നിര്‍ദേശിക്കാന്‍ ടെലികോം വകുപ്പിനോട് അഭ്യര്‍ത്ഥിച്ചത്.

ദി പഞ്ച് ലൈന്‍, ഇന്റര്‍നാഷണല്‍ വെബ് ന്യൂസ്, ഖല്‍സ ടി.വി, ദി നേക്കഡ് ട്രൂത്ത്, 48 ന്യൂസ്, ഹിസ്റ്റോറിക്കല്‍ ഫാക്ട്‌സ്, പഞ്ചാബ് വൈറല്‍, നയാ പാകിസ്ഥാന്‍ ഗ്ലോബല്‍, കവര്‍ സ്റ്റോറി, ഗോ ഗ്ലോബല്‍, ഇ-കൊമേഴ്സ്, ജുനൈദ് ഹലീം ഒഫീഷ്യല്‍, തയ്യബ് ഹനീഫ്, സൈന്‍ അലി ഒഫീഷ്യല്‍, മൊഹ്സിന്‍ രജ്പുത് , ഒഫീഷ്യല്‍, കനീസ് ഫാത്തിമ, സദാഫ് ദുറാനി, മിയാന്‍ ഇമ്രാന്‍, അഹ്മദ്, നജാം ഉല്‍ ഹസ്സന്‍, ബജ്‌വ, ന്യൂസ്24 തുടങ്ങിയവയാണ് ഇന്ത്യയില്‍ നിരോധിച്ച ചാനലുകള്‍.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *