വാക്സിനെടുക്കാന്‍ മടി കാണിക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന സര്‍ക്കുലറുമായി താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

November 9, 2021
98
Views

താനെ: രാജ്യമെങ്ങും വാക്സിനേഷന്‍ ഡ്രൈവ് പുരോഗമിക്കുമ്പോഴും ഇപ്പോഴും വാക്സിനെടുക്കാന്‍ മടി കാണിക്കുന്നവരുണ്ട്. ഭൂരിഭാഗം സ്ഥാപനങ്ങളും അവരുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന സര്‍ക്കുലറുമായി എത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍.

താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് വിവാദ തീരുമാനം എടുത്തിരിക്കുന്നത്. സിവിക് കമ്മീഷണര്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരടക്കമുള്ളവര്‍ സന്നിഹിതരായ യോഗത്തിലാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ഔദ്യോഗിക സര്‍ക്കുലര്‍ ഇറക്കി. ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഒന്നാം ഡോസ് എടുത്തവര്‍ രണ്ടാം ഡോസ് എടുക്കുന്നതിന് നിശ്ചയിച്ച സമയ പരിധി കഴിഞ്ഞിട്ടും എടുത്തില്ലെങ്കില്‍ അവര്‍ക്കും ശമ്പളം ലഭിക്കില്ല.

ജീവനക്കാര്‍ ജോലിക്കെത്തുമ്പോള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സമ്പൂര്‍ണ വാക്‌സിനേഷന്‍ 100 ശതമാനം തികയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇതിന്‍റെ ഭാഗമായി മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളും കോര്‍പ്പറേഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *