വർക്കല തീപിടുത്തം; അഞ്ചുപേരുടെയും സംസ്കാരം ഇന്ന്

March 12, 2022
166
Views

വർക്കലയിൽ തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് മരിച്ച അഞ്ച് പേരുടെ സംസ്കാരം ഇന്ന്. അഞ്ചുപേരുടെയും മൃതദേഹം വിലാപയാത്രയായി അപകടം നടന്ന രാഹുൽ നിവാസിലെത്തിക്കും. സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വീട്ടുവളപ്പിൽ നടത്തും. അപകട മരണത്തിൽ തുടർനടപടികൾ ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചശേഷമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ തീയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണസംഘം തീപിടുത്തം പുനരാവിഷ്കരിച്ചിരുന്നു. പൊലീസും ഇലക്ട്രിക്കൽ ഇൻ പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫൊറൻസിക്കും ചേർന്നാണ് തീപിടുത്തം പുനരാവിഷ്കരിച്ചത്. തീ പടർന്നതിന്റെ ഉറവിടം കണ്ടെത്താൻ ഫൊറൻസിക് ഫലമെത്തണം. തീ പടർന്നത് കാർ പോർച്ചിൽ നിന്നോ വീട്ടിനുള്ളിൽ നിന്നോ ആകാമെന്നാണ് നിഗമനം. അതേസമയം സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് തീപിടുത്തത്തിന്റെ പ്രതിഫലനമാണെന്ന് വിദ​ഗ്ധ സംഘം അറിയിച്ചു. വെട്ടം മതിലിൽ പതിച്ചതിന്റെ പ്രതിഫലനമാണിത്. ഹാർഡ് ഡിസ്ക്ക് കത്തി നശിച്ചതിനാൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനായിട്ടില്ല. ഇതിനായി സി ഡാക്കിന്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു.

മാർച്ച് 8 ന് പുലർച്ചെയായിരുന്നു വർക്കലയിൽ ചെറുന്നിയൂരിൽ വീടിന് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷെർലി(52), മകൻ അഖിൽ (25), മരുമകൾ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്തമകൻ നിഖിലിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. നിഖിലിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ബന്ധുക്കൾ അറിയിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *