ടൂറിസ്റ്റ് വിസയില്‍ വന്നശേഷം തൊഴില്‍വിസയിലേക്ക് മാറുന്നത് വിലക്കണമെന്ന് എം.പിമാരുടെ സമിതി

October 15, 2023
31
Views

ടൂറിസ്റ്റ് വിസയില്‍ ബഹ്‌റൈനിലെത്തിയശേഷം പ്രവാസികള്‍ തൊഴില്‍വിസയിലേക്ക് മാറുന്നത് വിലക്കണമെന്ന് എം.പിമാരുടെ സമിതി.

മനാമ: ടൂറിസ്റ്റ് വിസയില്‍ ബഹ്‌റൈനിലെത്തിയശേഷം പ്രവാസികള്‍ തൊഴില്‍വിസയിലേക്ക് മാറുന്നത് വിലക്കണമെന്ന് എം.പിമാരുടെ സമിതി.

ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എല്‍.എം.ആര്‍.എ) പ്രവര്‍ത്തനം സംബന്ധിച്ച്‌ അന്വേഷിക്കുന്ന സമിതിയുടെ ശിപാര്‍ശകളിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 39 ശിപാര്‍ശകളാണ് മംദൂഹ് അല്‍ സാലിഹ് ചെയര്‍മാനായ സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്.

എല്‍.എം.ആര്‍.എ ചെയര്‍മാനും തൊഴില്‍ മന്ത്രിയുമായ ജമീല്‍ ഹുമൈദാനോട് ചൊവ്വാഴ്ച പാര്‍ലമെന്റ് സെഷനില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനായി എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന എല്‍.എം.ആര്‍.എ ഉദ്യോഗസ്ഥരേയും വിളിപ്പിച്ചു. 2019 മുതല്‍ 2023 ജൂണ്‍വരെ കാലയളവില്‍ ടൂറിസ്റ്റ് വിസയില്‍ വന്ന 85,246 പ്രവാസികള്‍ക്ക് വിസ മാറ്റാൻ അനുമതി നല്‍കിയതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. 2021ല്‍ 9424 വിസകള്‍ ഇങ്ങനെ മാറി. 2022ല്‍ 46,204. ഈ വര്‍ഷം ജൂണ്‍വരെ 8598 വിസകളാണ് തൊഴില്‍വിസയാക്കിയത്.

ചില എല്‍.എം.ആര്‍.എ സേവനങ്ങള്‍ രജിസ്ട്രേഷൻ സെന്ററുകളില്‍ നല്‍കുന്നത് റദ്ദാക്കുക, പ്രവാസികളെ വിദഗ്ധ തൊഴിലാളികളായി രജിസ്റ്റര്‍ ചെയ്യുന്നത് റദ്ദാക്കുക എന്നീ ആവശ്യങ്ങളും സമിതി ഉന്നയിച്ചിട്ടുണ്ട്. തങ്ങളുടെ ജോലി ശരിയായി ചെയ്യാതിരിക്കുകയും ചട്ടങ്ങള്‍ മറികടന്ന് പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന എല്‍.എം.ആര്‍.എ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു. എല്‍.എം.ആര്‍.എയുടെ കൈവശമുള്ള എല്ലാ വിവരങ്ങളും രേഖകളും സര്‍ക്കാര്‍ അവലോകനം ചെയ്യണം.

പ്രവാസി തൊഴില്‍നയങ്ങളും നടപടിക്രമങ്ങളും പുനഃപരിശോധനക്ക് വിധേയമാക്കുക, എല്ലാ ജോലികളും പ്രാദേശിക പത്രങ്ങളില്‍ പരസ്യം ചെയ്യണമെന്ന നിബന്ധന പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക, എല്‍.എം.ആര്‍.എ വെബ്‌സൈറ്റില്‍ സ്വദേശികള്‍ക്ക് മാത്രമായി ജോബ് സെര്‍ച്ച്‌ സെക്ഷൻ ആരംഭിക്കുക എന്നീ ആവശ്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എല്‍.എം.ആര്‍.എ മൂന്ന് മാസം കൂടുമ്ബോള്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കണം. ഓഡിറ്റ് ചെയ്ത കണക്കുകള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കണം. സ്വദേശിവത്കരണത്തിനായി കൃത്യമായ പദ്ധതി വേണമെന്നും 2006ലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി നിയമം ഭേദഗതി ചെയ്യണമെന്നും എം.പിമാര്‍ ആവശ്യപ്പെടുന്നു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *