വിധിയെഴുതാൻ കേരളം; സംസ്ഥാനത്ത് പോളിങ് ആരംഭിച്ചു

April 26, 2024
2
Views

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഒന്നരമാസത്തെ വാശിയേറിയ പ്രചരണങ്ങള്‍ക്ക് ശേഷമാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.

2.77 കോടി വോട്ടർമാരാണുള്ളത്. കൂടുതലും സ്ത്രീകള്‍ തന്നെയാണ്. 5,34,394 പേര്‍ ജനാധിപത്യ പ്രക്രിയയില്‍ ആദ്യമായി പങ്കാളിയാകുന്ന കന്നിവോട്ടര്‍മാരാണ്. കഴിഞ്ഞ തവണ 77.84 ശതമാനമെന്ന മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ഇത്തവണയും വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ടിനെത്തുമെന്നാണ് രാഷ്‌ട്രീയ കേരളം പ്രതീക്ഷിക്കുന്നത്.

വോട്ടെടുപ്പ് സമാധാന പൂർണമാക്കാൻ കേരള പൊലീസും കേന്ദ്ര സേനയും രംഗത്തുണ്ട്. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ രണ്ടു മുഴുവൻ സമയ ക്യാമറകളും, മറ്റിടങ്ങളില്‍ ഒന്നും വീതം ഉണ്ടാകും. പ്രശ്നബാധിതബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്കായി 1,01176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക.

സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാര്‍ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്. കൂടാതെ 316 എത്‌നിക് പോളിങ് ബൂത്തുകളും 131 തീം അടിസ്ഥാനമാക്കിയുള്ള ബൂത്തുകളും ഉണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *