തിരുവനന്തപുരം മുക്കോലയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ റിങ് ഇളകിവീണ് മണ്ണിനടിയില്‍പ്പെട്ട തൊഴിലാളി
വിഴിഞ്ഞം: തിരുവനന്തപുരം മുക്കോലയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ റിങ് ഇളകിവീണ് മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയുടെ മൃതശരീരം 50 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ പുറത്തെടുത്തു.
തമിഴ്നാട് പാര്‍വതീപുരം സ്വദേശിയും തിരുവനന്തപുരം വെങ്ങാനൂരില്‍ താമസക്കാരനുമായിരുന്നു മഹാരാജനാണ്(55) മരിച്ചത്.
ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ അപകടത്തില്‍പെട്ട തൊഴിലാളിയെ പുറത്തെടുക്കാൻ അഗ്നിശമന സേനയും നാട്ടുകാരും പൊലീസും ചേര്‍ന്ന് രണ്ടുദിവസത്തോളം ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല. ഒടുവില്‍ എൻ.ഡി.ആര്.എഫിനെയും കൊല്ലത്ത് നിന്നുള്ള കിണര്‍ നിര്‍മാണ തൊഴിലാളികളെയും എത്തിച്ചാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. എന്നാല്‍ മഹാരാജന്റെ ജീവൻരക്ഷിക്കാനായില്ല.
ഏകദേശം 90 അടി താഴ്ചയുള്ള കിണറിലാണ് മഹാരാജൻ അകപ്പെട്ടത്. മേല്‍മണ്ണുമാറ്റി കിണറിന്റെ അടിത്തട്ടിലെത്തി മഹാരാജനെ രക്ഷിക്കാൻ ഒട്ടേറെത്തവണ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കിണറിന്റെ മുകള്‍ഭാഗത്തുള്ള ഉറകള്‍ ഇളകിവീണ് മണ്ണിടിച്ചിലുണ്ടായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. മഴപെയ്ത് കിണറിനുള്ളില്‍ വെള്ളക്കെട്ടുണ്ടായതും വെല്ലുവിളിയുയര്‍ത്തി.