‘വാക്കുകളില്‍ സംയമനം വേണമെന്ന് ഷാജന്‍ സ്കറിയയെ ഉപദേശിക്കണം’; അഭിഭാഷകനോട് സുപ്രീംകോടതി

July 11, 2023
32
Views

അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കിയതിനോടൊപ്പം വാക്കുകളില്‍ സംയമനം വേണമെന്ന് ഷാജൻ സ്കറിയയോട് നിര്‍ദേശിച്ച്‌ സുപ്രീംകോടതി.

ന്യൂഡല്‍ഹി: അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കിയതിനോടൊപ്പം വാക്കുകളില്‍ സംയമനം വേണമെന്ന് ഷാജൻ സ്കറിയയോട് നിര്‍ദേശിച്ച്‌ സുപ്രീംകോടതി.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വാക്കുകളില്‍ സംയമനം പുലര്‍ത്താൻ ഷാജനെ ഉപദേശിക്കണമെന്ന് അദ്ദേഹത്തിനായി ഹാജരായ അഭിഭാഷകൻ സിദ്ധാര്‍ഥ് ലുത്രയോട് സുപ്രീംകോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.വി. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയയുടെ അറസ്റ്റ് മൂന്നാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുന്നത് വരെ തടഞ്ഞത്. കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജിന്‍റെ പരാതിയില്‍ എസ്.സി-എസ്.ടി പീഡന നിരോധന നിയമം ഉള്‍പ്പടെ ചുമത്തിയായിരുന്നു കേസ്.

ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌.സി-എസ്‌.ടി അതിക്രമ നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്നാണ് കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടിയത്. ഷാജന്‍റെ വാക്കുകള്‍ അപകീര്‍ത്തികരമായിരിക്കും. എന്നാല്‍, എസ്‌.സി-എസ്‌.ടി അതിക്രമ നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന് പറയാന്‍ കഴിയില്ല -കോടതി പറഞ്ഞു. മൂന്നാഴ്ചക്ക് ശേഷമാണ് വിശദമായി വാദം കേള്‍ക്കുക.

ഇതോടെ, പരാതിക്കിടയാക്കിയ വിഡിയോയുടെ തര്‍ജമ വായിക്കണമെന്ന് ശ്രീനിജന്‍റെ അഭിഭാഷകൻ അഡ്വ. വി. ഗിരി കോടതിയോട് അഭ്യര്‍ഥിച്ചു. താൻ അത് വായിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പരാതിക്കാരൻ എസ്.സി-എസ്.ടി വിഭാഗത്തില്‍ പെടുന്നു എന്ന കാരണത്താല്‍ അദ്ദേഹത്തിനെതിരായ എല്ലാ ആക്ഷേപങ്ങളും ജാതിയെ ബാധിക്കുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

പട്ടികജാതി വിഭാഗത്തില്‍പെട്ടയാളെ മനപൂര്‍വം പൊതുമധ്യത്തില്‍ ആക്ഷേപിക്കുന്നത് എസ്.സി-എസ്.ടി നിയമത്തിലെ വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് അഡ്വ. വി. ഗിരി ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വാദം അംഗീകരിക്കാത്ത ചീഫ് ജസ്റ്റിസ് മറുചോദ്യം ഉന്നയിച്ചു. പട്ടികജാതിക്കാരൻ ഒരാളോട് പണം കടംവാങ്ങി. അത് തിരികെ നല്‍കിയില്ല. കടം കൊടുത്തയാള്‍ ഇയാളെ ചതിയനെന്ന് വിളിച്ചു. ഇത് ഈ വകുപ്പിന് കീഴില്‍ കുറ്റകരമാകുമോ? -ചീഫ് ജസ്റ്റിസ് ചോദിച്ചു.

ജാതിയുടെ പേരില്‍ അധിക്ഷേപിക്കാൻ ആ വ്യക്തിക്ക് ഉദ്ദേശ്യമുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും ഇതെന്ന് അഡ്വ. ഗിരി മറുപടി നല്‍കി. ഷാജന്‍റെ പ്രസ്താവനയില്‍ പട്ടികജാതിക്കാരനായതുകൊണ്ടാണ് അധിക്ഷേപിച്ചത് എന്ന് വിദൂരമായെങ്കിലും കാണിക്കാവുന്ന എന്തെങ്കിലുമുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഷാജൻ നിരന്തരം ആളുകളെ അധിക്ഷേപിക്കുന്ന വ്യക്തിയാണെന്ന് അഭിഭാഷകൻ പറഞ്ഞു. അക്കാരണത്താല്‍ ഷാജനെ ജയിലിലടച്ച്‌ ഒരു പാഠം പഠിപ്പിക്കണമെന്നാണോ നിങ്ങള്‍ പറയുന്നതെന്ന് കോടതി ചോദിച്ചു. ശ്രീനിജനെ മാഫിയ ഡോണ്‍, കള്ളപ്പണ ഡീലര്‍, കൊലപാതകി എന്നൊക്കെ ഷാജൻ വിളിച്ചത് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് തീര്‍ത്തും അപകീര്‍ത്തികരമാണെന്ന കാഴചപ്പാടിനോട് യോജിക്കുന്നുവെന്നും എന്നാല്‍, എസ്.സി-എസ്.ടി പീഡന നിരോധന നിയമത്തിന് കീഴില്‍ വരില്ലെന്നും കോടതി പറഞ്ഞു. ക്രിമിനല്‍ നിയമത്തില്‍ ഇക്കാര്യങ്ങള്‍ സൂക്ഷ്മമായി കാണേണ്ടതുണ്ട്, കാരണം അത് ഒരാളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണ് -കോടതി വ്യക്തമാക്കി.

ഹൈകോടതി ഷാജനെതിരെ കടുത്ത വിധിയാണ് പുറപ്പെടുവിച്ചത്. അതുകൊണ്ടാണ് പ്രസ്താവന വായിക്കാമെന്ന് ഞാൻ കരുതിയത്. ചിലപ്പോള്‍, കടുത്ത ഉത്തരവാകുമ്ബോള്‍ അത്രയും ശ്രദ്ധയോടെ അത് വായിക്കേണ്ടിവരികയും ചെയ്യും -ചീഫ് ജസ്റ്റിസ് പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *