രാമക്ഷേത്ര പ്രതിഷ്ഠ: ജനുവരി 22ന് നൂറ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയോധ്യയില്‍ ഇറങ്ങുമെന്ന് യോഗി ആദിത്യനാഥ്

January 11, 2024
36
Views

ലഖ്‌നൗ: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ നൂറ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയോധ്യയില്‍ ഇറങ്ങുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

അയോധ്യവിമാനത്താവളത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കാനും ഇത് സഹായകമാകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ഉത്തര്‍പ്രദേശിന് നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം നല്‍കിയതിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിയുണ്ട്. വിമാനത്താവളം ഡിസംബര്‍ മുപ്പതിന് രാജ്യത്തിന് സമര്‍പ്പിച്ചെന്നും യോഗി പറഞ്ഞു.

പുതുതായി നിര്‍മിച്ച വിമാനത്താവളം ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ചണ് വിമാനത്താവളം തുറന്നത്. അയോധ്യ നഗരത്തില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. 1450 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. 6500 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുണ്ട് എയര്‍പോര്‍ട്ട് ടെര്‍മിനലിന്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിനോട് സാമ്യമുള്ളതാണ്.

ഒരുമാസത്തിനുള്ളില്‍ അഞ്ച് വിമാനത്താവളങ്ങള്‍ കൂടി

ഉത്തര്‍പ്രദേശില്‍ ഒരുമാസത്തിനുള്ളില്‍ അഞ്ച് വിമാനത്താവളങ്ങള്‍ കൂടി ഉദ്ഘാടനം ചെയ്യുമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അയോധ്യയില്‍ നിന്ന്‌ അഹമ്മദാബാദിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അയോധ്യ വിമാനത്താവളം വികസിപ്പിക്കുകയും റണ്‍വെ നീട്ടുകയും ചെയ്യുന്നതോടെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനും അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പടെ നടത്താനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

അയോധ്യയിലെ മഹര്‍ഷി വാത്മീകി വിമാനത്താവളം കഴിഞ്ഞ ഡിസംബര്‍ 30നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. അന്നേദിവസം ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും അയോധ്യയിലേക്ക് സര്‍വീസ് നടത്തിയിരുന്നു

ഉത്തര്‍പ്രദേശില്‍ ഒരു മാസത്തിനുള്ളില്‍ അഞ്ച് പുതിയ വിമാനത്താവളങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നും ഇതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ എണ്ണം 19 ആയി ഉയരുമെന്നും മന്ത്രി പരഞ്ഞു. അസംഗഡ്, അലിഗഡ്, മൊറാദാബാദ്, ചിത്രകൂട്, ശ്രാവസ്തി എന്നിവിടങ്ങളിലാണ് പുതിയ വിമാനത്താവളങ്ങള്‍ വരുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *