കൊച്ചി : ദേശീയപാത ഉപരോധ സമരത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ നടൻ ജോജു ജോർജിനെ അധിക്ഷേപിച്ച് മുൻ എംഎൽഎ പി സി ജോർജ്. താൻ നേതൃത്വം നൽകുന്ന സമരമായിരുന്നുവെങ്കിൽ ജോജു ആശുപത്രിയിൽ കിടന്നേനെ. തികഞ്ഞ മര്യാദകേടാണ് ജോജു കാണിച്ചതെന്നും പി സി ജോർജ് പറഞ്ഞു. സ്വകാര്യ ചാനലിലെ മാദ്ധ്യമ ചർച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇത് പാവങ്ങളായ കോൺഗ്രസുകാരുടെ മാന്യമായ സമരമാണ്. എന്റെ സമരം വല്ലതുമായിരുന്നെങ്കിൽ ജോജു ആശുപത്രിയിൽ കിടന്നേനെ . ഒരു സംശയവും വേണ്ട. .അവന്റെ അപ്പനും അമ്മയ്ക്കും കൂടി വേണ്ടിയാണ് സമരം നടത്തിയത്. അയാൾക്ക് ഇത് തടയേണ്ട കാര്യം എന്താണ്. കോൺഗ്രസുകാരെ ആക്രമിക്കാൻ ഇയാൾ ആരാ. രാഷ്ട്രീയ പാർട്ടികളുടെ സമരം തടയാൻ ഇയാൾക്ക് എന്ത് അവകാശം. ഒരു പാർട്ടിയും സമരം ചെയ്യുന്നത് സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടിയല്ല. ജനങ്ങൾക്ക് വേണ്ടിയാണ് മുന്തിയ കാറിൽ പോകുന്നവന് സാധാരണക്കാരന്റെ പ്രശ്നം അറിയില്ലെന്നും പി സി ജോർജ് ആരോപിച്ചു.
ആരെയും രക്ഷിക്കാൻ വേണ്ടിയല്ല ജോജു സമരക്കാരോട് കയർത്തത്. അങ്ങിനെ ആയിരുന്നുവെങ്കിൽ താൻ പിന്തുണച്ചേനെ. നേരത്തെ പ്രഖ്യാപിച്ച സമരമാണ്. ആ സമയത്ത് തന്നെ അതുവഴി വരണം എന്നതിൽ എന്താണിത്ര നിർബന്ധം. സിനിമാക്കാരായാൽ എന്തും ചെയ്യാമോ. കോൺഗ്രസുകാരോടെ ഈ ഷൈനിംഗ് നടക്കൂ. കമ്യൂണിസ്റ്റ് കാരാണേൽ ജോജു ആശുപത്രിയിൽ കിടന്നേനെ. ജോജു പറഞ്ഞതൊക്കെ പച്ചക്കള്ളം. മനുഷ്യന്റെ പിന്തുണയും സഹതാപവും പിടിച്ചു പറ്റാനുള്ള അടവാണ്. സിനിമാക്കാരൻ ആയതുകൊണ്ട് എല്ലാ അടവുകളും അറിയും.
റോഡ് ഉപരോധിക്കാതെ എങ്ങിനെയാണ് സമരം ചെയ്യേണ്ടത്. വീട്ടിൽ കതകടച്ചിരുന്നു വേണമായിരുന്നോ. സമരം ചെയ്യുന്നയിടത്ത് വന്ന് ഗുണ്ടാ വർത്തമാനം പറയുന്നു. റോഡ് ബ്ലോക്ക് ചെയ്തുതന്നെ സമരം നടത്തണം. താൻ ഇന്ത്യയിലെ റെയിൽ മുഴുവൻ ബ്ലോക്ക് ചെയ്തവനാ. എറണാകുളത്ത് നാലായിരം ആളുകളുമായി പോയി ട്രെയിൻ തടഞ്ഞു. സൗത്ത് ഇന്ത്യയിലെ മുഴുവൻ ട്രെയിനും ബ്ലോക്കാവാൻ വേണ്ടി ചെയ്തത് ആണ്. അപ്പോഴേ പ്രധാനമന്ത്രി അറിയൂ.
ജോജു വട്ടനെപോലെ പെരുമാറിയത് മോശമായി പോയി .അയാളെ കണ്ടാൽ കള്ളുകുടിയനെ പോലെ അല്ലെ ഇരിക്കുന്നത്. ജോജു ജോർജിനെതിരെ കോൺഗ്രസുകാർ ഉന്നയിക്കുന്ന കാര്യങ്ങളിൽ പകുതിയും ശരിയാണ്. അഞ്ച് വർഷം മുൻപ് ജോജു കള്ളുകുടിയനായിരുന്നു. ഇപ്പോൾ ചങ്കും മത്തങ്ങായും ഇല്ല. അതുകൊണ്ട് കള്ളുകുടി നിർത്തിയെന്നും പി സി ജോർജ് പരിഹസിച്ചു.