തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കേസിലെ ഇരയായ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്കിറങ്ങുമെന്ന് സാമൂഹ്യപ്രവര്‍ത്തകനും വൈദികനുമായ ഫാദര്‍ അഗസ്റ്റിന് വട്ടോളി. മുഖം മറയ്ക്കാതെ അതിജീവിത പൊതുസമൂഹത്തിലേക്കെത്തുമെന്നും അവര്‍ മാധ്യമങ്ങളോട് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതി വിധി വന്ന ശേഷം അതിജീവിതയെ കാണാന്‍ ചെന്നപ്പോഴാണ് അവര്‍ ഇക്കാര്യം അറിയിച്ചത് എന്നായിരുന്നു ഫാദര്‍ അഗസ്റ്റിന് വട്ടോളി പറഞ്ഞത്. ‘ഇന്ന് അവരെ കാണാന്‍ ചെന്നപ്പോള്‍ അവര്‍ തകര്‍ന്നിരിക്കുന്ന അവസ്ഥയിലായിരുന്നു.പക്ഷേ ഞങ്ങള്‍ ഇറങ്ങിപ്പോരുമ്പോള്‍ അവര്‍ ഒരു തീരുമാനമെടുത്തിരിക്കുന്നു. ആ തീരുമാനം അവര്‍ തന്നെ പറയുമെന്നാണ് ഞാന്‍ കരുതുന്നത്.
അത് മറ്റൊന്നുമല്ല അവര്‍ പുറത്തു വരാന്‍ തീരുമാനിച്ചിരിക്കുന്നു. അവര്‍ പൊതുജനങ്ങളോട് സംസാരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മാധ്യമങ്ങളോട് സംസാരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു,’ അഗസ്റ്റിന് വട്ടോളി പറയുന്നു. അതിജീവിത തന്റെ പേരും മുഖവും പൊതുസമൂഹത്തോട് വെളിപ്പെടുത്തുമെന്നും അവര്‍ ചെയ്യുന്നത് ഒരു തുടക്കമാണെന്നും ഫാദര്‍ അഗസ്റ്റിന് വട്ടോളി പറയുന്നു.
ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലും ജോമോന് പുത്തന്പുരയ്ക്കലും കയ്യടികളോടെയായിരുന്നു ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. 2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയ്ത്ത് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന് കോടതി വിധി പുറപ്പെടുവിച്ചത്.