മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളെടുക്കുമ്പോൾ ആർക്കും വിസ്മരിച്ചു കളയാനാവാത്ത ഒന്നാണ് സേതുരാമയ്യർ സിബിഐ. കുറ്റാന്വേഷണസിനിമകളുടെ പുത്തൻ സാധ്യതകൾ കാണിച്ചുതന്ന് മലയാളിയെ ആകാംക്ഷഭരിതരാക്കിയ സിനിമകളാണ് സിബിഐ കഥകളിലൂടെ നമ്മൾ കണ്ടത്. സിബിഐ അഞ്ചാം ഭാഗത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാസ്വാദകർ.
എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ നടി കനിഹയും അഭിനയിക്കുന്നുണ്ട്. സിബിഐ ലൊക്കേഷനിൽ ജോയിൻ ചെയ്തതിലുള്ള സന്തോഷം പങ്കിടുകയാണ് കനിഹ.
“ലെജന്‍ഡറി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിക്കും കെ മധുവിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. സിബിഐ ടീമില്‍ ഭാഗമാകാന്‍ കഴിഞ്ഞു. ഇഷ്ട നടനൊപ്പം ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ കാത്തിരിക്കുന്നു,” എന്നാണ് കനിഹ കുറിച്ചത്.
പഴശ്ശിരാജ, ദ്രോണ, കോബ്ര, ബാബൂട്ടിയുടെ നാമത്തില്‍, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിലെല്ലാം മുൻപ് മമ്മൂട്ടിയ്ക്ക് ഒപ്പം കനിഹ അഭിനയിച്ചിട്ടുണ്ട്.
പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യാണ് ഒടുവിൽ റിലീസ് ചെയ്ത കനിഹയുടെ ചിത്രം. ലാലു അലക്സിന്റെ ഭാര്യ വേഷത്തിലാണ് ചിത്രത്തിൽ കനിഹ അഭിനയിച്ചത്. സുരേഷ് ഗോപി- ജോഷി ചിത്രം ‘പാപ്പനി’ലും കനിഹയുണ്ട്.
കെ മധു സംവിധാനം ചെയ്യുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുൻ സിബിഐ സിരീസ് സിനിമകളുടെ രചന നിർവ്വഹിച്ച എസ് എൻ സ്വാമി തന്നെയാണ്. മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ എന്നിവരും ചിത്രത്തിലുണ്ടാവുമെന്ന് മുൻപു തന്നെ വാർത്തകൾ വന്നിരുന്നു.
ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ. മുൻപ് പല ചിത്രങ്ങൾക്കും രണ്ടും മൂന്നും ഭാഗങ്ങൾ വരെ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളസിനിമയിൽ ചിലപ്പോൾ ആദ്യമായാവും ഒരു കഥാപാത്രത്തിന് അഞ്ചു സിനിമകളിൽ തുടർച്ചയുണ്ടാവുന്നത്.