വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

February 10, 2022
147
Views

പുതിയ കുടിവെള്ള കണക്ഷൻ, സിവറേജ് കണക്ഷൻ എന്നിവയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ജലഗുണനിലവാര പരിശോധനയ്ക്കുള്ള അപേക്ഷകളും ഓൺലൈൻ വഴി നൽകാം. ഈ സേവനങ്ങൾക്കെല്ലാം ഓൺലൈൻ വഴി പണമടയ്ക്കുകയും ചെയ്യാം.

ഇതുൾപ്പെടെ കേരള വാട്ടർ അതോറിറ്റിയിൽ ഉപഭോക്താക്കൾക്ക് സമ്പൂർണ ഡിജിറ്റൽ സേവനം നൽകാനും സേവനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഭൗതിക സമ്പർക്കം ഒഴിവാക്കാനുമുള്ള നടപടികൾ പൂർത്തിയായി.

കേരളം സമ്പൂർണ ഡിജിറ്റൽ ഭരണ സംസ്ഥാനമാകുന്നതുമായി ബന്ധപ്പെട്ട്, ഉപഭോക്തൃ സേവനങ്ങൾ പൂർണമായും ഡിജിറ്റൽ രീതിയിൽ ലഭ്യമാക്കാനായി ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരമാണ് നടപടികൾ.

കോവിഡ് പ്രോട്ടോക്കോൾ, ഹരിത പ്രോട്ടോക്കോൾ എന്നിവ പൂർണമായി പാലിക്കുന്നതിന്റെ കൂടി ഭാഗമായാണ് സമ്പൂർണ ഡിജിറ്റൽ സേവനം നൽകുന്നത്.

ഉപഭോക്താക്കൾക്കുള്ള എല്ലാ ബില്ലുകളും രസീതുകളും സർട്ടിഫിക്കറ്റുകളും ഡിജിറ്റലായി ലഭ്യമാക്കും. പരാതികളും അപേക്ഷകളും ഡിജിറ്റൽ ആയി സ്വീകരിക്കും. എല്ലാ ഓൺലൈൻ സേവനങ്ങൾക്കും ഔദ്യോഗിക വെബ്‌സൈറ്റിൽ ഡാഷ് ബോർഡ് നൽകും. വാട്ടർ ചാർജ് വെബ്‌സൈറ്റിലെ ഇ-പേ ലിങ്ക് വഴിയോ യുപിഐ ആപ്പുകൾ വഴിയോ ഓൺലൈൻ ആയി അടയ്ക്കാം.

വാട്ടർ ബില്ലുകൾ, ഉപഭോക്താക്കൾ റജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പരിൽ എസ്എംഎസ് ആയി ലഭിക്കും. വാട്ടർ ചാർജ് അടയ്ക്കാനും മറ്റുള്ള ഓൺലൈൻ സേവനങ്ങൾ ലഭിക്കാനും www.kwa.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. പരാതികൾക്കും അന്വേഷണങ്ങൾക്കുമായി 1916 എന്ന ടോൾഫ്രീ നമ്പരിൽ വിളിക്കാം.

പുതിയ കണക്ഷൻ ലഭിക്കാൻ വാട്ടർ അതോറിറ്റി ഓഫിസുകളിൽ നേരിട്ടെത്താതെ ഓൺലൈൻ വഴി അപേക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഇ-ടാപ്പ് എന്ന പേരിൽ നടപ്പിലാക്കുന്നത്. പ്രാരംഭഘട്ടത്തിൽ രണ്ടു സെക്ഷൻ ഓഫിസുകളിൽ മാത്രം പരീക്ഷണാർഥം നടപ്പിലാക്കിയ ഓൺലൈൻ കണക്ഷൻ സൗകര്യം എല്ലാ കണക്ഷനുകൾക്കും ലഭ്യമാക്കുകയാണ്.

എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സമയബന്ധിതമായി ലഭ്യമാക്കാൻ അടിയന്തര നടപടി കൈക്കൊള്ളാൻ മാനേജിങ് ഡയറക്ടർ എസ്. വെങ്കടേസപതി ജീവനക്കാർക്കു നിർദേശം നൽകി.

Article Categories:
Latest News · Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *