ലോക ബാങ്കിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ് ഇന്ത്യൻ വംശജൻ അജയ് ബംഗ. അഞ്ച് വര്‍ഷത്തേയ്‌ക്കാണ് നിയമനം.
വാഷിംഗ്ടണ്‍: ലോക ബാങ്കിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ് ഇന്ത്യൻ വംശജൻ അജയ് ബംഗ. അഞ്ച് വര്‍ഷത്തേയ്‌ക്കാണ് നിയമനം.ദാരിദ്രമുക്തമായ ലോകം പടുത്തുയര്‍ത്താൻ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അജയ് ബംഗയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ ലോകബാങ്ക് വ്യക്തമാക്കി.
63-കാരനായ അജയ്പാല്‍ സിംഗ് ബംഗ നിലവില്‍ ജനറല്‍ അറ്റ്ലാന്റിക്കില്‍ വൈസ് ചെയര്‍മാനാണ്. 11 വര്‍ഷത്തോളം മാസ്റ്റര്‍കാര്‍ഡിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. നെസ്ലെ എസ്‌എയിലാണ് അദ്ദേഹംആദ്യം സേവനമനുഷ്ഠിച്ചത്. അവിടെ മാര്‍ക്കറ്റിംഗ്, സെയില്‍സ്, മാനേജ്‌മെന്റ് റോളുകളില്‍ ഒരു ദശാബ്ദത്തിലേറെയായി നെസ്ലെയുടെ ഭാഗമായിരുന്നു. തുടര്‍ന്ന് പെപ്‌സികോ ഇങ്കില്‍ ചേരുകയും കമ്ബനിയുടെ ഫാസ്റ്റ് ഫുഡ് ഫ്രാഞ്ചൈസി ഇന്ത്യയില്‍ ആരംഭിക്കാൻ സഹായിക്കുകയും ചെയ്തു. 1996-ല്‍ സിറ്റി ഗ്രൂപ്പില്‍ ജോലി ആരംഭിച്ച അദ്ദേഹം നാല് വര്‍ഷത്തിനുള്ളില്‍ സിറ്റി ഫിനാൻഷ്യലിന്റെയും യുഎസ് ഉപഭോക്തൃ-അസറ്റ് വിഭാഗത്തിന്റെയും ബിസിനസ് മേധാവിയായി. 2005-ല്‍ ബാങ്കിന്റെ എല്ലാ അന്താരാഷ്‌ട്ര ഉപഭോക്തൃ പ്രവര്‍ത്തനങ്ങളും നയിക്കാൻ അദ്ദേഹത്തെ തിരഞ്ഞെടുത്തു.
2008-ല്‍ അജയ് ബംഗയെ സിറ്റി ഗ്രൂപ്പിന്റെ ഏഷ്യ-പസഫിക് മേഖലയുടെ തലവനായി നിയമിച്ചു. 2009-ല്‍ അദ്ദേഹം മാസ്റ്റര്‍കാര്‍ഡിന്റെ പ്രസിഡന്റായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി. പിറ്റേ വര്‍ഷം ബംഗയ്‌ക്ക് സിഇഒ ആയി സ്ഥാനക്കയറ്റം ലഭിച്ചു. വ്യാപാര വ്യവസായ മേഖലയിലെ ബൃഹത്തായ സംഭാവനകള്‍ക്ക് 2016-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2012-ല്‍ ഫോറിൻ പോളിസി അസോസിയേഷൻ മെഡലും അദ്ദേഹത്തിന് ലഭിച്ചു. എല്ലിസ് ഐലൻഡ് മെഡല്‍ ഓഫ് ഓണറും 2019-ല്‍ ബിസിനസ് കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ അണ്ടര്‍സ്റ്റാൻഡിംഗിന്റെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.