തൃശ്ശൂര്‍:
തൃശ്ശൂര്‍ പൂരത്തിലെ പൊലീസിന്റെ അനാവശ്യ ഇടപെടല്‍ മൂലം പൂരം അലങ്കോലപ്പെടുത്തിയതില്‍ സര്‍കാരിനോട് വിശദീകരണം തേടി ഹൈകോടതി.ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സര്‍കാരിന്റെ വിശദീകരണം തേടിയത്.
ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല പരിശോധന ഉണ്ടായിട്ടുണ്ടോ, ഏതെങ്കിലും കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് സര്‍കാര്‍ വിശദീകരണം നല്‍കേണ്ടത്. ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് നടപടി.
തൃശ്ശൂര്‍ പൂരത്തിലെ ആചാരങ്ങള്‍ പൊലീസിന്റെ അനാവശ്യ ഇടപെടല്‍ മൂലം മുടങ്ങിയതില്‍ ഇടപെടലാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈകോടതി സര്‍കാരിന്റെ വിശദീകരണം തേടിയിരുന്നു. ഈ ഹര്‍ജിക്കൊപ്പം മെയ് 22ന് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയും ഹൈകോടതി പരിഗണിക്കും.
സംഭവത്തില്‍ തൃശ്ശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമീഷണര്‍ സുദര്‍ശനനെയും സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയോട് കൂടിയാണ് സര്‍കാര്‍ നടപടിയെടുത്തത്. തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് വൈകിയതിന് പിന്നില്‍ പൊലീസെന്ന ആരോപണം ശക്തമാകുന്നതിനിടെ ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.