അരിക്കൊമ്ബന്‍ കേരളത്തിന് 20 കിലോമീറ്റര്‍ അകലെ

September 21, 2023
38
Views

അരിക്കൊമ്ബൻ കേരള വനാതിര്‍ത്തിയായ നെയ്യാര്‍ വന്യജീവി സങ്കേതത്തിന് അടുത്ത് എത്തിയതായി സൂചന.

അരിക്കൊമ്ബൻ കേരള വനാതിര്‍ത്തിയായ നെയ്യാര്‍ വന്യജീവി സങ്കേതത്തിന് അടുത്ത് എത്തിയതായി സൂചന. ഇത് സംബന്ധിച്ച്‌ റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചതായി തമിഴ്‌നാട് വനം വകുപ്പ്.

ഇന്ന് പുലര്‍ച്ചെയാണ് ജിപിഎസ് സംവിധാനം വഴി ആനയുടെ യാത്ര രേഖപ്പടുത്തിയത്. ഇപ്പോള്‍ തമിഴ്നാട്ടിലെ കോതയാര്‍ വനത്തില്‍ ആണ് ആന ഉള്ളത്. ആന നില്‍ക്കുന്ന ഭാഗത്തു നിന്നും കേവലം 20 കിലോമീറ്റര്‍ കഴിഞ്ഞാല്‍ കേരള വനത്തില്‍ എത്തും. ദിനവും അതും രാത്രിയില്‍ പത്തു കിലോമീറ്ററാണ് ആന സഞ്ചരിക്കുന്നത്. ആന കേരളത്തില്‍ പ്രവേശിച്ചാല്‍ രണ്ടു ദിനം കൊണ്ട് ജനവാസ കേന്ദ്രങ്ങളില്‍ എത്താം. ഇതാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്നത്. ഇവിടെ ആനത്താര തെളിഞ്ഞു കിടപ്പുണ്ട്. അതു വഴി ആനകള്‍ കൂട്ടത്തോടെ സഞ്ചരിക്കാറുണ്ട്.
എന്നാല്‍ അരികൊമ്ബൻ ഏതാണ്ട് ഒറ്റയാൻ രീതിയിലാണ് സഞ്ചരിക്കുന്നത്. കേരള അതിര്‍ത്തിയില്‍ കടക്കില്ലെന്നാണ് തമിഴ്‌നാട് വനം വകുപ്പ് പറയുന്നത്. എന്നാല്‍ കേവലം 20 കിലോമീറ്റര്‍ കഴിഞ്ഞാല്‍ കേരളമാകും എന്നത് നിഷേധിക്കാനാകാത്ത സത്യമായി നില്‍ക്കുകയാണ്.
ഇന്നലെ തമിഴ്‌നാട്ടിലെ കോതയാര്‍ വനത്തില്‍ നിന്ന് ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്ബൻ കാടുകയറിയിരുന്നു. മൂന്നു ദിവസം മാഞ്ചോലയിലെ തേയില തോട്ടത്തിലായിരുന്ന അരിക്കൊമ്ബൻ വാഴകൃഷിയും വീടും ഭാഗീകമായി തകര്‍ത്തെങ്കിലും പ്രദേശത്തെ റേഷൻ കട ആക്രമിച്ചില്ല. ആന മദപ്പാടിലാണെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. മൂന്നുദിവസം മാഞ്ചോല മേഖലയില്‍ അല്‍പം ഭീതിപരത്തിയ ശേഷമാണ് അരിക്കൊമ്ബൻ വീണ്ടും പഴയ ആവാസകേന്ദ്രമായ കോതയാറിലേക്ക് നീങ്ങിയത്.
രാത്രിയും പകലുമായി വനപാലകസംഘം ഏറെ പണിപ്പെട്ടാണ് അരിക്കൊമ്ബനെ കാടുകയറ്റിയത്.മുണ്ടൻതുറെ കടുവാ സങ്കേതത്തിലെ കോതയാറില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാണ് കഴിഞ്ഞദിവസം അരിക്കൊമ്ബൻ മാഞ്ചോലയിലെത്തിയത്.മാഞ്ചോലയിലെ ഊത്ത് എസ്റ്റേറ്റ്, ബോംബെ ബര്‍മ തേയില ഫാക്ടറി ഇതിനോട് ചേര്‍ന്ന് തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ ഉള്ള ഭാഗത്ത് എത്തിയ ആന വാഴത്തോട്ടവും ഒരു വീടും ഭാഗികമായി നശിപ്പിച്ചിരുന്നു. എന്നാല്‍ സമീപം റേഷൻ കട ഉണ്ടായിട്ടും ആക്രമിച്ചില്ല.
ആനയെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 45 അംഗ വനപാലക സംഘം നിരീക്ഷിക്കുന്നതായി കളയ്ക്കാട് മുണ്ടൻതുറെ കടുവാ സങ്കേതത്തിന്‍റെ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
റേഡിയോ കോളറില്‍ നിന്നുളള സിഗ്‌നല്‍ പ്രകാരം ഒരു ദിവസം ശരാശരി പത്തു കിലോമീറ്റര്‍ അരിക്കൊമ്ബൻ സഞ്ചരിക്കുന്നു. അതിനിടെ എങ്ങിനെയും ആനയെ കേരള അതിര്‍ത്തിയിലേക്ക് കടത്തിവിടാൻ അവര്‍ ശ്രമിക്കുകയാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രദേശത്തെ നാട്ടുകാരും ആനയ്ക്ക് എതിരെ പ്രതിഷേധയമുയര്‍ത്തുകയാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *