സ്ത്രീകളില്‍ ജീവിതശൈലിയിലെ മാറ്റങ്ങള്‍ മൂലം ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നു

September 29, 2023
26
Views

പുരുഷൻമാരെ അപേക്ഷിച്ചു സ്ത്രീകളില്‍ ഹൃദ്രോഗങ്ങള്‍ കുറവാണ്.

പുരുഷൻമാരെ അപേക്ഷിച്ചു സ്ത്രീകളില്‍ ഹൃദ്രോഗങ്ങള്‍ കുറവാണ്. എന്നാല്‍ പുരുഷന്മാരെ മാത്രം ബാധിക്കുന്ന അസുഖമാണോ ഹൃദ്രോഗം?

അല്ലേയല്ല. ഹൃദയാഘാതവും മറ്റ് കാര്‍ഡിയോ വാസ്കുലാര്‍ രോഗങ്ങളും സ്ത്രീകളിലും കണ്ടുവരുന്നുണ്ട്. സ്ത്രികളെ ബാധിക്കുന്ന ഹൃദയ സംബന്ധമായ രോഗങ്ങള്‍ മിക്കതും മരണത്തിലേക്ക് നയിക്കുന്നുണ്ട്. കേരളത്തില്‍, കൊറോണറി ആര്‍ട്ടറി ഡിസീസ് (സി എ ഡി) മരണങ്ങളില്‍ 40% സ്ത്രീകളില്‍ 65 വയസ്സിന് മുമ്ബാണ് സംഭവിക്കുന്നത്, പുരുഷന്മാരില്‍ ഇത് 60% ആണ് എന്നുമാത്രം.

ഹൃദ്രോഗത്തിനു കാരണമായി പറയുന്ന പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍നില , പ്രമേഹം, അമിതവണ്ണം, ജോലിയിലെ സമ്മര്‍ദ്ദം എന്നിവ പുരുഷന്മാരിലായിരുന്നതിനാലാണ് സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന ചിന്തയുണ്ടാകാൻ കാരണമായത്. എന്നാല്‍ മാറിയ കാലഘട്ടത്തില്‍ പുരുഷമാരോടൊപ്പംതന്നെ സ്ത്രീകളും ജീവിതശൈലീരോഗങ്ങള്‍ക്കു അടിമപ്പെട്ടു തുടങ്ങിയിരിക്കുന്നു. ചികിത്സക്കായി കൂടുതല്‍ സ്ത്രീകള്‍ എത്തുന്നത് അതിനു തെളിവിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഹൃദ്രോഗസാധ്യത കൂടിയതിനാല്‍ സ്ത്രീകള്‍ സ്വന്തം ആരോഗ്യകാര്യങ്ങളില്‍ നിഷ്കര്‍ഷത പുലര്‍ത്താൻ തുടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യ പരിശോധന കുറവായതിനാല്‍ മിക്കപ്പോഴും സ്ത്രീകളില്‍ വളരെ വൈകിയാണ് ഹൃദയ സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തുന്നത്. അതിനാല്‍ തന്നെ ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഏറ്റവും വൈകിയായിരിക്കും സ്ത്രീകളില്‍ കണ്ടുപിടിക്കുക. അതുകൊണ്ടുതന്നെ സ്ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാല്‍ രക്ഷപെടാനുള്ള സാധ്യത കുറവാണ്. ഹൃദയത്തിന്‍റേയും രക്തവാഹിനിക്കുഴലുകളുടേയും വലിപ്പം വളരെ കുറഞ്ഞിരിക്കുന്നതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒരു ഹാര്‍ട്ട് അറ്റാക്കിനെ നേരിട്ട സ്ത്രീകള്‍ക്ക് അടുത്ത അറ്റാക്കിനെ നേരിടാനുള്ള ക്ഷമത വളരെ കുറവായിരിക്കും. ആദ്യ അറ്റാക്കിനെ അതിജീവിച്ച 40 വയസ്സായവരോ അല്ലെങ്കില്‍ അതിലും കൂടുതല്‍ പ്രായമുള്ളവരോ ആയ സ്ത്രീകളില്‍ 43 ശതമാനവും 5 വര്‍ഷത്തിനുള്ളില്‍ അടുത്ത അറ്റാക്കിനോ ഹൃദയ സംബന്ധമായ മറ്റ് അസുഖങ്ങള്‍ക്കോ ഇരയാവുന്നുണ്ട്.

ഹൃദയ സംരക്ഷണത്തിന് ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍, പാരമ്ബര്യം, പ്രായം തുടങ്ങിയ കാര്യങ്ങളാണ് സ്ത്രീകളിലെ ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ഇത് കൂടാതെ ആര്‍ത്തവവിരാമവും ഗര്‍ഭനിരോധന ഗുളികകളുടെ അമിത ഉപയോഗവും സ്ത്രീകളില്‍ ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ഇനി പറയുന്ന കാര്യങ്ങള്‍ ഹൃദ്രോഗത്തിലേക്കു നയിക്കുന്നു.

ഉയര്‍ന്ന കൊളസ്ട്രോള്‍ നില:

രക്തത്തില്‍ കൊളസ്ട്രോളിന്‍റെ അളവ് കൂടുന്നതാണ് ഹൃദ്രോഗത്തിനുള്ള പ്രധാന കാരണം. രക്തത്തിലെ അധിക കൊളസ്ട്രോള്‍ ധമനികളുടെ ഉള്ളിലുള്ള പാളിയില്‍ അടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നു. 55 കഴിഞ്ഞ സ്ത്രീകളില്‍ പുരുഷനെ അപേക്ഷിച്ച്‌ കൊളസ്ട്രോള്‍ നില ഉയരാനുള്ള സാധ്യതയേറെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എല്‍ഡിഎല്‍ (low density lipo protein) കൊളസ്ട്രോള്‍ (ചീത്ത കൊളസ്ട്രോള്‍) കാരണമാണ് ഹൃദ്രോഗം ഉണ്ടാവുന്നത്. എന്നാല്‍ എച്ച്‌ഡിഎല്‍ (high density lipo protein) കൊളസ്ട്രോള്‍ (നല്ല കൊളസ്ട്രോള്‍) ഹൃദ്രോഗസാധ്യതയെ കുറയ്ക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഹൈപ്പര്‍ ടെൻഷൻ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് ഹൃദ്രോഗമുണ്ടാകാനുള്ള ഒരു കാരണം. അമിത ശരീരഭാരമുള്ള സ്ത്രീകളില്‍ അല്ലെങ്കില്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും രക്തസമ്മര്‍ദ്ദം ഉണ്ടെങ്കില്‍, ഗര്‍ഭിണികള്‍, ചില പ്രത്യേക ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നവര്‍, ആര്‍ത്തവവിരാമത്തിനോടടുത്തവര്‍ എന്നിവരെല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഇരയാകാൻ സാധ്യതയുള്ളവരാണ്.

വ്യായാമമില്ലായ്മ

ആക്റ്റീവായീരിക്കുകയെന്നതാണ് മികച്ച ആരോഗ്യത്തിന്‍റെ രഹസ്യം. ഇത് ഹൃദയാരോഗ്യത്തിന് നല്ലതുമാണ്. ശാരീരികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ അപേക്ഷിച്ച്‌ വ്യായാമത്തിലൊന്നും ഏര്‍പ്പെടാത്തവരിലാണ് ഏറ്റവും കൂടുതല്‍ ഹൃദ്രോഗസാധ്യത കണ്ടുവരുന്നത്. അതുകൊണ്ടാണ് അമിത ഭാരമുള്ളവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും പ്രമേഹവും ഹൃദ്രോഗസാധ്യതയുമുണ്ടാകുന്നത്.

പ്രമേഹം.

പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗസാധ്യത കൂടുതലാണ്. പുരുഷന്മാരെ അപേക്ഷിച്ച്‌ പ്രമേഹരോഗികളായ സ്ത്രീകളുടെ എണ്ണം കൂടുതലാണ്. രക്തത്തിലെ ഷുഗര്‍ നില അമിതമാകുന്നതോടെ ധമനികള്‍ ചുരുങ്ങി ഹൃദ്രോഗസാധ്യത കൂടുന്നു. പ്രമേഹരോഗികളായ സ്ത്രീകളില്‍ ആര്‍ത്തവ വിരാമം നേരത്തേ സംഭവിക്കുന്നതിനാല്‍ അതും രോഗത്തിലേയ്ക്ക് നയിക്കും.

അമിത ഉത്ക്കണ്ഠ

ജീവിതശൈലിയുലുണ്ടായ മാറ്റങ്ങള്‍ സ്ത്രീകളില്‍ ഉത്ക്കണ്ഠയും, പിരിമുറുക്കവും ഉണ്ടാക്കുന്നു. അതുകൊണ്ടാണ് ഉദ്യോഗസ്ഥകള്‍ക്ക് വീട്ടമ്മമാരേക്കാള്‍ ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് പറയുന്നത്. കൂടുതല്‍ സ്ട്രെസ്സുള്ള ജോലിയും ഉത്തരവാദിത്തവും ഹൃദ്രോഗസാധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കും. മാത്രമല്ല അതിരു കടന്ന സ്ട്രെസ്സ് രക്തസമ്മര്‍ദ്ദം അമിതമാകുന്നതിന് കാരണമാവുകയും ചെയ്യും.

ഹൃദ്രോഗങ്ങള്‍

സ്ത്രീകളിലും പുരുഷന്മാരിലും പലതരം ഹൃദ്രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. അവയില്‍ പ്രധാന രോഗങ്ങള്‍ താഴെപ്പറയുന്നു.

കൊറോണറി ആര്‍ട്ടറി ഡിസീസ്

ഹൃദയത്തിലെ പേശികള്‍ക്ക് ആവശ്യമായ അളവില്‍ രക്തവും ഓക്സിജനും ലഭിക്കാത്തതുമൂലമാണ് ഇതുണ്ടാവുന്നത്. ഹൃദയത്തില്‍ രക്തമെത്തിക്കുന്ന ധമനികളുടെ ആന്തരികപാളികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് (കൊളസ്ട്രോള്‍) ഇതിന് കാരണം. അതിന്‍റെ ഫലമായി ധമനികള്‍ സങ്കോചിക്കുന്നു. കൊറോണറി ആര്‍ട്ടറി രോഗം മൂലം നെഞ്ചില്‍ കടുത്ത വേദനയോ ഹാര്‍ട്ട് അറ്റാക്കോ ഉണ്ടാവാം.

വാല്‍വുലാര്‍ ഹാര്‍ട്ട് ഡിസീസ്

ഹൃദയ വാല്‍വുകള്‍ രോഗബാധിതമാണെങ്കില്‍, ഹൃദയത്തിന് ശരീരത്തിലുടനീളം ഫലപ്രദമായി രക്തം പമ്ബ് ചെയ്യാൻ കഴിയില്ല, കൂടാതെ രക്തം പമ്ബ് ചെയ്യാൻ കഠിനമായി പരിശ്രമിക്കേണ്ടിവരും. ഇത് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനു (ഹൃദയമിടിപ്പ് നിലക്കുക) കാരണമാകും. നേരത്തെ കണ്ടെത്തിയാല്‍ വാല്‍വ് മാറ്റിവെക്കലിലൂടെ ഭേദമാക്കാവുന്നതാണ്.

കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയിലര്‍

ഹൃദയത്തിന് ആവശ്യമായത്ര രക്തം വേഗത്തില്‍ പമ്ബ് ചെയ്യാൻ കഴിയാതെ വരുമ്ബോള്‍ ഉണ്ടാകുന്ന ഗുരുതരമായ, ദീര്‍ഘകാല അവസ്ഥയാണ് കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയിലര്‍ (CHF). ഹൃദയത്തിന് ആവശ്യമായ രക്തത്തിന്റെ അളവ് കൈകാര്യം ചെയ്യാൻ കഴിയാത്തതിനാല്‍, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രക്തം അടിഞ്ഞു കൂടുന്നു.

ഹൃദയാഘാത ലക്ഷണങ്ങള്‍

പുരുഷന്മാരിലേതിനേക്കാള്‍ തികച്ചും വ്യത്യസ്തമാണ് സ്ത്രീകളിലെ ഹൃദയഘാത ലക്ഷണങ്ങള്‍. എങ്കിലും ചില ലക്ഷണങ്ങള്‍ പുരുഷന്മാരിലും സ്ത്രീകളിലും പൊതുവായി കാണാം.നെഞ്ചില്‍ കടുത്ത വേദനയോ സമ്മര്‍ദ്ദമോ ഉണ്ടാവുക. ശ്വാസംമുട്ടല്‍, വിയര്‍ക്കല്‍, ചുമല്‍, കഴുത്ത്, തുടങ്ങി കൈകളിലേക്കു വരെ വേദന പടരുക. കടുത്തക്ഷീണം അല്ലെങ്കില്‍ കുറച്ചു നേരത്തേക്ക് ബോധം മറയുക.ദഹനമില്ലായ്മ അല്ലെങ്കില്‍ ഗ്യാസിന്‍റേതു പോലെയുള്ള വേദന.

ഹൃദയാരോഗ്യ പരിശോധന.

ചില രക്തപരിശോധനയിലൂടെയും, ഹൃദയത്തിൻറെ സ്കാൻ പരിശോധന (എക്കോ) യിലൂടെയും ഇപ്പോഴത്തെ അവസ്ഥ മനസിലാക്കാം. ജീവിതശൈലീ നിയന്ത്രത്തിലൂടെയും വ്യായാമം, ഭക്ഷണ ക്രമീകരണം എന്നിവയിലൂടെയും ഹൃദയാരോഗ്യം നിലനിര്‍ത്താവുന്നതാണ്. സ്ത്രീകള്‍ മുൻകൈയെടുത്താല്‍ കുടുംബത്തില്‍ എല്ലാവര്‍ക്കും ഹൃദയാരോഗ്യം ഉറപ്പുവരുത്താൻ സാധിക്കും.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *