സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് ഏലം വില

August 3, 2023
27
Views

സംസ്ഥാനത്ത് ഏലം വിലയില്‍ വീണ്ടും വര്‍ദ്ധനവ്.

സംസ്ഥാനത്ത് ഏലം വിലയില്‍ വീണ്ടും വര്‍ദ്ധനവ്. കാലവര്‍ഷം ദുര്‍ബലമായതോടെ ഉല്‍പ്പാദനം കുറഞ്ഞതും, പശ്ചിമേഷ്യൻ, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വൻ തോതില്‍ ഉയര്‍ന്നതുമാണ് ഏലം വില ഉയരാനുള്ള പ്രധാന കാരണം.

ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഏലം വിളവെടുക്കാറുള്ളത്. ഏലം ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇടുക്കി ജില്ലയില്‍ ഈ വര്‍ഷം ലഭിച്ച മഴയില്‍ 53 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് ഉല്‍പ്പാദനം ഗണ്യമായി കുറയാൻ കാരണമായിട്ടുണ്ട്. അടുത്തിടെ നടന്ന കാര്‍ഡമം പ്ലാന്റേഴ്സ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ഓണ്‍ലൈനില്‍ ലേലത്തില്‍ ഒരു കിലോ ഏലത്തിന്റെ ഉയര്‍ന്ന വില 2,177 രൂപയിലും, ശരാശരി വില 1,523 രൂപയിലും എത്തി.

ഇപ്പോഴുള്ള വില തുടരുകയാണെങ്കില്‍ വരും മാസത്തിനുള്ളില്‍ ഏലക്കയുടെ ശരാശരി വില കിലോയ്ക്ക് 2000 രൂപയ്ക്ക് മുകളില്‍ കടക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, അടുത്ത 2 മാസങ്ങളില്‍ മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത് ഉല്‍പ്പാദനത്തെ വലിയ തോതില്‍ ബാധിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഏലം വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത് 2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ്. അന്ന് നടന്ന ഓണ്‍ലൈൻ ലേലത്തില്‍ ഒരു കിലോ ഏലത്തിന് 7,000 രൂപയാണ് ലഭിച്ചത്. ഇത് കൂടുതല്‍ കര്‍ഷകരെ ഏലം കൃഷിയിലേക്ക് ആകര്‍ഷിക്കാൻ കാരണമായി. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഏലം വില താരതമ്യേന കുറവായിരുന്നു.

Article Categories:
Business · Latest News

Leave a Reply

Your email address will not be published. Required fields are marked *