സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് കൂടുതല്‍ പേരിലേക്ക് എത്തിക്കും: ഭക്ഷ്യമന്ത്രി

December 14, 2021
136
Views

ജനുവരിയോടെ കൂടുതല്‍ പേരിലേക്ക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ എത്തിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു. താത്ക്കാലികമായി അംഗീകാരം റദ്ദ് ചെയ്ത റേഷന്‍ കടകളുമായി ബന്ധപ്പെട്ട ഫയല്‍ അദാലത്ത് കൊല്ലം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.അര്‍ഹരായവരിലേക്ക് ആനുകൂല്യം എത്തിക്കുന്നതിന് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ ജനകീയമാക്കും. നിയമനടപടികള്‍ ലഘൂകരിച്ച് സേവനങ്ങള്‍ അതിവേഗമാക്കുകയാണ്.

റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട വ്യക്തി മരണപ്പെട്ടാല്‍ കാര്‍ഡ് ഉടമ കൈവശമുള്ള വ്യക്തമായ രേഖ സഹിതം അപേക്ഷിച്ചാല്‍ പേര് നീക്കം ചെയ്യുന്ന നടപടി വേഗത്തിലാക്കും. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ആരംഭിച്ച ‘തെളിമ’ പദ്ധതി ലക്ഷ്യം കാണുകയുമാണ്. ലൈസന്‍സുമായി ബന്ധപ്പെട്ട 39 വര്‍ഷം പഴക്കമുള്ള അപേക്ഷയ്ക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിഞ്ഞത് അദാലത്തിന്റെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

റേഷന്‍ കട ഉടമയുടെ മരണത്തെ തുടര്‍ന്നുള്ള പിന്തുടര്‍ച്ച അവകാശവുമായി ബന്ധപ്പെട്ടവ, ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കപ്പെട്ടവ എന്നിവ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. താല്‍ക്കാലികമായി അംഗീകാരം റദ്ദ് ചെയ്ത 45 റേഷന്‍ കടകളുടെ ഫയലുകള്‍ പരിശോധിച്ചു. 16 എണ്ണം തീര്‍പ്പുകല്‍പ്പിച്ച് ലൈസന്‍സ് പുന:സ്ഥാപിച്ചു. 24 റേഷന്‍ കടകള്‍ക്ക് ലൈസന്‍സ് പുനസ്ഥാപിക്കുന്നതിന് മതിയായ രേഖകള്‍ ഹാജരാക്കുന്നതിനായി ഒരാഴ്ച മുതല്‍ മൂന്നു മാസം വരെ സമയം അനുവദിച്ചു.

അഞ്ച് കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്തു, പുതിയവയ്ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്നതിനുള്ള നടപടി തുടങ്ങാനും തീരുമാനമായി. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ. സജിത്ത് ബാബു അധ്യക്ഷനായി. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ദക്ഷിണമേഖല റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. അനില്‍ രാജ്, ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനദേവി, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *