സാമൂഹ്യപ്രതിബദ്ധതയില്‍ അധിഷ്ഠിതമായി സിലബസ് പരിഷ്‌കരിക്കും: മന്ത്രി വി. ശിവന്‍കുട്ടി

December 14, 2021
302
Views

സാമൂഹ്യപ്രതിബദ്ധതയില്‍ കൂടി അധിഷ്ഠിതമായി സ്‌കൂള്‍ സിലബസുകള്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ജില്ലയിലെ ആദ്യ ഇന്റര്‍നാഷണല്‍ മോഡല്‍ പ്രീ പ്രൈമറി സ്‌കൂള്‍ ചവറ സൗത്ത് സര്‍ക്കാര്‍ യു.പി.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ ശാരീരിക-മാനസിക ആരോഗ്യം മുന്നില്‍ കണ്ട് സ്‌കൂളുകളില്‍ കളി സ്ഥലങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ഇത്തരത്തിലുള്ള നവീകരണ പദ്ധതികള്‍ പലതുണ്ട്.

സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് അധ്യാപകരും തയ്യാറെടുക്കണം. പഠനനിലവാരം കൃത്യമായ ഇടവേളകളില്‍ പരീക്ഷകളിലൂടെ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനുബന്ധിച്ച് പ്രീപ്രൈമറി സ്‌കൂളുകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് ചവറ യുപിഎസിലെ പ്രീ പ്രൈമറി വിഭാഗം ഇന്റര്‍നാഷണല്‍ മോഡല്‍ പ്രീ പ്രൈമറി സ്‌കൂളായി നവീകരിച്ചത്. സമഗ്ര ശിക്ഷ കേരള വഴി അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നുള്ള 10 ലക്ഷം രൂപ കൂടി അനുവദിച്ച് പദ്ധതി പൂര്‍ത്തിയാക്കും.

സ്‌കൂളിലെ ചുമരുകളില്‍ ചിത്രങ്ങള്‍ വരച്ച ബി. ആര്‍. സിയിലെ ചിത്രകല അധ്യാപകര്‍ക്ക് മന്ത്രി പുരസ്‌കാരം നല്‍കി. സംസ്ഥാനതല ക്വിസ് മത്സരങ്ങളില്‍ ജേതാക്കളായ വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹോപഹാരവും കൈമാറി. സ്‌കൂള്‍ കെട്ടിടത്തിലെ കോര്‍ണറുകളുടെ ഉദ്ഘാടനം വിവിധ ജനപ്രതിനിധികള്‍ നിര്‍വഹിച്ചു. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍ അധ്യക്ഷയായി.

ചവറ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന്‍ പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി എസ്. പള്ളിപ്പാടന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷര്‍, അംഗങ്ങള്‍, എസ്. സ്. കെ. ഡി. പി. സി. വി. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, പ്രോജക്റ്റ് ഓഫീസര്‍ ആര്‍. പി. അമുല്‍ റോയി, ചവറ എ. ഇ. ഒ എല്‍. മിനി, ഹെഡ്മിസ്ട്രസ് എസ്. കൃഷ്ണകുമാരി, ബി.പി.സി. സ്വപ്ന എസ്. കുഴിതടത്തില്‍, പി. ടി. എ പ്രസിഡണ്ട് സരസ്വതി പിള്ള, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *