തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; ആക്രമണത്തിന് നേതൃത്വം നൽകിയത് പൊലീസ് തിരയുന്ന പ്രതി

January 5, 2022
113
Views

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രിയാണ് പള്ളിപ്പുറത്ത് ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ഷാനുവാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ആയുധം കാട്ടി പണം ആവശ്യപ്പെട്ട ഗുണ്ടകൾ കുട്ടികളെയും ആക്രമിക്കാൻ ശ്രമിച്ചു.

മംഗലപുരം സ്വർണ കവർച്ച കേസിലെ പ്രതിയാണ് ഷാനു. പൊലീസ് അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ഷാനുവും സംഘവും വീണ്ടും ആക്രമണം നടത്തിയത്. മൊബൈൽ കടയിൽ കയറി തൊഴിലാളിയെ കുത്തിയ കേസിലാണ് ഷാനുവിനെ പൊലീസ് തിരയുന്നത്.

ഗുണ്ട ആക്രമണങ്ങൾ തുടർക്കഥയായതോടെ സംസ്ഥാനത്ത് ഗുണ്ടകളേയും ലഹരി മാഫിയയേയും അമര്‍ച്ച ചെയ്യാൻ പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമാണ് പുതിയ സ്ക്വാഡിന്‍റെ നോഡല്‍ ഓഫീസര്‍. എല്ലാ ജില്ലകളിലും സ്ക്വാഡ് ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം.

മയക്ക് മരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യാൻ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്വക്വാഡ്, സ്വര്‍ണ്ണകടത്ത് തടയാൻ ക്രൈംബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗം, ഇതിന് പുറമേ ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക മാധ്യമ ഇടപെടലുകളടക്കം പൊലീസ് നിരീക്ഷിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഗുണ്ടകള്‍- ലഹരി മാഫിയ സംഘങ്ങള്‍ എന്നിവരുടെ പ്രവർത്തനം, സാമ്പത്തിക ഇടപാട്, ഇവരുടെ ബന്ധങ്ങള്‍ എന്നിവ പരിശോധിക്കുകയാണ് പുതിയ സംഘത്തിന്റെ ചുമതല. ഗുണ്ടാക്കുടിപ്പകയും കൊലപാതകങ്ങളും ഒഴിവാക്കാനായി മുൻകരുതൽ നടപടികള്‍ സ്വീകരിക്കേണ്ടതും പുതിയ സംഘത്തിന്റെ ഉത്തരവാദിത്വമാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *