സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

December 29, 2021
259
Views

കോഴിക്കോട്: സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു. 58 വയസ്സായിരുന്നു. അർബുദ ബാധിതനായി ഒരു വർഷത്തിലേറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. കോഴിക്കോട് എംവിആർ ക്യാൻസർ സെൻ്ററിൽ വച്ച് അൽപസമയം മുൻപായിരുന്നു മരണം.

ഗാനരചയിതാവും, സംഗീതസം‌വിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്‌. കരിനീലക്കണ്ണഴകീ, “കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം”, “നീയൊരു പുഴയായ്”, “എനിക്കൊരു പെണ്ണുണ്ട്”, “സാറേ സാറേ സാമ്പാറേ”‘ ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഒരുപാട് ഹിറ്റ് ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. തട്ടകം, കണ്ണകി, തിളക്കം, അന്നൊരിക്കൽ, ദൈവനാമത്തിൽ, ഏകാന്തം അടക്കം 23 ചിത്രങ്ങളുടെ സംഗീതം നിർവഹിച്ചത് വിശ്വനാഥനാണ്. കണ്ണകി സിനിമയുടെ പശ്ചാത്തലസംഗീതത്തിന് 2001-ൽ അദ്ദേഹത്തിന് സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം ലഭിച്ചിരുന്നു.

നൂറുശതമാനം മലയാളിത്തനിമയുള്ള സംഗീതമായിരുന്നു കൈതപ്രം വിശ്വനാഥൻ്റെ സവിശേഷത. അദ്ദേഹം സംഗീതം നൽകിയ ഗാനങ്ങളിൽ ഭൂരിപക്ഷത്തിനും വരികൾ രചിച്ചത് സഹോദരൻ കൈത്രം ദാമോദരൻ നമ്പൂതിരിയായിരുന്നു. സ്വാതി തിരുന്നാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം പാസ്സായ ശേഷമാണ് വിശ്വനാഥൻ ചലച്ചിത്രലോകത്തേക്ക് എത്തിയത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയെ കൂടാതെ വാസുദേവൻ നമ്പൂതിരി, സരസ്വതി, തങ്കം എന്നീ സഹോദരങ്ങൾ കൂടി അദ്ദേഹത്തിനുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *