എക്ടോപിക് പ്രെഗ്നന്‍സി എന്ന ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതയെക്കുറിച്ച് അറിയാം

February 6, 2022
95
Views

ഗർഭിണികൾക്കിടയിലെ ഒരു ആരോഗ്യപ്രശ്നമാണ് എക്ടോപിക് ഗർഭധാരണം.ഗർഭം ധരിച്ചു കഴിഞ്ഞാൽ ശാരീരികമായും മാനസികമായും സ്ത്രീകൾ വളരെയധികം മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്.ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞ് വളരുമ്പോൾ സ്ത്രീകളിൽ ശരീര ഭാരം വർധിക്കുക പോലുള്ള പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുന്നു. രാവിലെയുള്ള ശരീര വേദന, നടുവേദന, വയർ വികസിക്കുന്നത് തുടങ്ങി ചില പ്രധാന ശാരീരിക മാറ്റങ്ങൾ അമ്മയ്ക്ക് അനുഭവപ്പെടുന്നു. കൂടാതെ പ്രധാനമായ ഹോർമോൺ വ്യതിയാനങ്ങളിലൂടെയും ഈ സമയത്ത് സ്ത്രീകൾക്ക് കടന്നു പോകേണ്ടി വരുന്നു. ഇതിലൂടെ സ്ത്രീകളുടെ മാനസികാവസ്ഥയും മാറിമറിയുന്നു. ഈ പൊതുവായ മാറ്റങ്ങൾ കൂടാതെ ചിലരിൽ സങ്കീർണമായ ചില പ്രശനങ്ങളും ഉണ്ടായേക്കാം. ഇത് പലപ്പോഴും ഗർഭം അലസിപ്പോകാൻ വരെ കാരണമാകുന്നു. ഗർഭിണികൾക്കിടയിലെ ഇത്തരം ഒരു ആരോഗ്യപ്രശ്നമാണ് എക്ടോപിക് ഗർഭധാരണം.

സാധാരണ ഗർഭധാരണങ്ങളിൽ സംഭവിക്കുന്നത് പോലെ ബീജസങ്കലനം ചെയ്ത അണ്ഡം ഫാലോപ്യൻ ട്യൂബിലൂടെ സഞ്ചരിച്ച് ഗർഭാശയത്തിൽ ചേരുന്ന അവസ്ഥയിൽ നിന്നും വ്യത്യസ്തമായി എക്ടോപിക് ഗർഭാവസ്ഥയിൽ ബീജസങ്കലനം ചെയ്ത അണ്ഡം ഗർഭാശയത്തിൽ എത്തി ചേരാതെ ശരീരത്തിന്റെ മറ്റു അവയവങ്ങളിൽ വളരുന്നു. ഇങ്ങനെയുള്ള അവസ്ഥകളിൽ, ഗർഭാശയത്തിലേക്കുള്ള വഴിയായ ഫാലോപ്യൻ ട്യൂബിലായിരിക്കും ഇവ പലപ്പോഴും പറ്റിപിടിക്കുക. അതിനാൽ ഈ അവസ്ഥയെ ട്യൂബൽ ഗർഭം എന്നും വിളിക്കുന്നു. ബീജസങ്കലനം ചെയ്ത അണ്ഡത്തിന്റെ അസാധാരണമായ വികസനമോ അല്ലെങ്കിൽ അമ്മയുടെ ശരീരത്തിലെ ചില ഹോർമോൺ അസന്തുലിതാവസ്ഥയോ കാരണവും ഈ അവസ്ഥ ഉണ്ടാകാം.

അപൂർവ്വമായാണ് എക്ടോപിക് ഗർഭധാരണം സംഭവിക്കാറുള്ളത്. ബീജസങ്കലനം ചെയ്ത മുട്ട ഫാലോപ്യൻ ട്യൂബിൽ വളരുന്നത് തുടരുകയാണെങ്കിൽ ഇത് അമ്മയുടെ ജീവന് തന്നെ ഭീഷണിയായേക്കാം. എക്ടോപിക് ഗർഭധാരണം സംഭവിച്ചാൽ ഫാലോപ്യൻ ട്യൂബുകൾ പൊട്ടിപോകാനാണ് കൂടുതലും സാധ്യത. ഇത് അണുബാധയ്ക്കും അമിതമായ ആന്തരിക രക്തസ്രാവത്തിനും അതിലൂടെ മരണത്തിനു വരെ കാരണമായേക്കാം.

സ്ത്രീകളിൽ പെൽവിക് വേദനയും യോനിയിൽ നിന്നും നേരിയ രക്തസ്രാവവുമാണ് എക്ടോപിക് ഗർഭത്തിൻറെ പ്രാരംഭ ലക്ഷണങ്ങൾ. കൂടാതെ ഫിലോപ്യൻ ട്യൂബുകൾക്ക് തകരാറുകൾ സംഭവിക്കുമ്പോൾ സ്ത്രീകൾക്ക് തോളിൽ വേദനയോ മലവിസർജ്ജനം നടത്താനുള്ള പ്രേരണയോ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഫാലോപ്യൻ ട്യൂബുകളിൽ നിന്നും രക്തസ്രാവമുണ്ടാകുമ്പോൾ. ശരീരത്തിൽ എവിടെയാണ് രക്തം ശേഖരിക്കപ്പെടുന്നത്, ഇത് ഏത് നാഡിയെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം.ഒരു തവണ ഒരു സ്ത്രീക്ക് എക്ടോപിക് ഗർഭം ഉണ്ടായാൽ അവ വീണ്ടും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ലൈംഗികമായി പകരുന്ന രോഗങ്ങളായ ക്ലമീഡിയ, ഗൊണോറിയ എന്നിവ മൂലമുണ്ടാകുന്ന അണുബാധകളും എക്ടോപിക് ഗർഭധാരണത്തിന് കാരണമാകും.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *