ഗതാഗത നിയമലംഘനം: അഞ്ച് വർഷത്തിനിടെ റദ്ദാക്കിയത് 259 കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ്

September 13, 2021
347
Views

കൊച്ചി: ഗതാഗത നിയമ ലംഘിച്ചതിന് അഞ്ചു വർഷത്തിനിടെ ഗതാഗത വകുപ്പ് റദ്ദാക്കിയത് 259 കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെ ലൈസൻസ്. അമിതവേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവയ്ക്കാണ് കൂടുതൽ പേരുടെയും ലൈസൻസ് റദ്ദാക്കിയത്. ലോക്‌ഡൗൺ കാലഘട്ടമായിരുന്ന 2020-ൽ മാത്രമാണ് കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്കെതിരേ നടപടി വരാതിരുന്നത്.

2016 മേയ് മുതൽ 2021 ഏപ്രിൽ വരെയുള്ള കണക്കുകളാണ് ഗതാഗത വകുപ്പ് നൽകിയത്. ഈ കാലഘട്ടത്തിൽ അപകടങ്ങളുടെ എണ്ണത്തിലും കേരളം മുൻപന്തിയിലാണ്. 2016 മുതൽ 2021 ജൂലായ്‌ വരെ 2,05,512 അപകടങ്ങളിലായി 22076 പേരാണ് മരിച്ചത്. കൂടാതെ 2,29,229 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഞ്ചു വർഷത്തിനിടെ കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർ ഉൾപ്പെടെ 51,198 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയിരുന്നു. ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം വാഹനങ്ങളുടെ എണ്ണം നിരത്തിൽ കുറവായിരുന്ന 2020-ൽ 883 പേർക്കാണ് നിയമ നടപടിയിലൂടെ ലൈസൻസ് നഷ്ടമായത്. ഈ വർഷം ഏപ്രിൽ വരെ മാത്രം 997 പേരുടെ ലൈസൻസ് നഷ്ടമായി.

അപകടരമായ രീതിയിൽ വാഹനം ഓടിച്ചവർ, ട്രാഫിക് സിഗ്നൽ തെറ്റിച്ച് വാഹനം ഓടിച്ചവർ, അമിത ഭാരം കയറ്റി ചരക്കുവാഹനം ഓടിച്ചവർ, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചവർ, ചരക്കുവാഹനത്തിൽ ആളുകളെ കയറ്റി വാഹനം ഓടിച്ചവർ തുടങ്ങിയവരും ഡ്രൈവിങ് ലൈസൻസ് നഷ്ടമായവരിൽ ഉൾപ്പെടുന്നു.

റോഡപകടങ്ങളുടെ എണ്ണം ദിവസേന വർധിച്ചുവരികയാണ്, ഇതിനൊപ്പം ഗതാഗത നിയമലംഘനങ്ങളും. ഈ സാഹചര്യത്തിലാണ് നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കാൻ തുടങ്ങിയതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *