ഉന്നാവ് പീഡന കേസ്‌ ; കുല്‍ദീപ് സേംഗറിന് കോടതിയുടെ ക്ലീന്‍ചിറ്റ്‌

August 1, 2021
139
Views

ലഖ്‌നൗ: യുപിയിലെ ഉന്നാവോയില്‍ ക്രൂര ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സേംഗറിന് പങ്കില്ലെന്ന് സി.ബി.ഐ നല്‍കിയ ക്ലീന്‍ ചിറ്റ് ഡല്‍ഹി കോടതി അംഗീകരിച്ചു. അന്വേഷണത്തിന്റെ വിശ്വാസ്യതയും കൃത്യതയും ആത്മാര്‍ത്ഥതയും സംശയിക്കേണ്ടതില്ലെന്ന് സിബിഐ പ്രത്യേക കോടതി ജഡ്ജി ധര്‍മേഷ് ശര്‍മ നിരീക്ഷിച്ചു .

ഉന്നാവ് ബലാത്സംഗ കേസിലും പരാതിക്കാരിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ കുല്‍ദീപിന് പരാതിക്കാരിയായ പെണ്‍കുട്ടി വാഹനാപകടത്തില്‍പ്പെട്ട സംഭവത്തിലും പങ്കുണ്ടെന്ന് ആരോപണo വ്യാപകമായിരുന്നു . ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ യു.പി പോലീസ് പിന്മാറിയതോടെയാണ് സുപ്രീം കോടതി ഈ വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. തുടര്‍ന്ന് വിചാരണയും മറ്റും ഡല്‍ഹിയിലേക്ക് മാറ്റി.

പെണ്‍കുട്ടിയെ ട്രക്കിടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും ഇതിന്റെ ഗൂഢാലോചനയിലും സേംഗറിന് യാതൊരു പങ്കുമില്ലെന്ന് വിവരിക്കുന്ന അന്തിമ റിപ്പോര്‍ട്ടാണ് നിലവില്‍ സി.ബി.ഐ. ഡല്‍ഹിക്കോടതിയില്‍ സമര്‍പ്പിച്ചത്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കപ്പെട്ടതിനാലാണ് വാഹനാപകടമുണ്ടായതെന്നും സംശയത്തിന്റെ ബലത്തില്‍ ഉടലെടുത്ത ഒരു കഥ മാത്രമാണിതെന്നുള്ള നിരീക്ഷണവും കോടതി പങ്കുവെച്ചു.

അതെ സമയം ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിബിഐ ക്ലീന്‍ ചിറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളുടേയും ദൃക്‌സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് സി.ബി.ഐ. കേസ് അന്വേഷിച്ച്‌ അന്തിമ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്. അപകടവുമായി ബന്ധപ്പെട്ട് മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് ട്രക്ക് ഡ്രൈവര്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം . ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സേംഗര്‍ നിലവില്‍ തീഹാര്‍ ജയിലിലാണുള്ളത്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *