ലോകായുക്ത വിവാദ നിയമഭേദഗതി: ഗവര്‍ണറുടെ നടപടി ഇന്നുണ്ടായേക്കും

February 3, 2022
81
Views

തിരുവനന്തപുരം: ലോകായുക്ത വിവാദ നിയമഭേദഗതിയിൽ ഗവര്‍ണറുടെ നടപടി ഇന്നുണ്ടായേക്കും. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിശദീകരണം നൽകിയിരുന്നു. നിയമഭേഗതി ഓര്‍ഡിനൻസില്‍ ഗവര്‍ണ്ണര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഗവര്‍ണ്ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ സർക്കാരിന് ഗുണമാകും. പ്രതിപക്ഷത്തിനാകട്ടെ വലിയ തിരിച്ചടിയായി അത് മാറുകയും ചെയ്യും. പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഉറപ്പാണ്. അതേസമയം ഓര്‍ഡിനൻസ് തിരച്ചയച്ചാല്‍ സര്‍ക്കാരിനാകും കനത്ത തിരിച്ചടി.

ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ ചൊവ്വാഴ്ച ഗവര്‍ണ്ണറെ അറിയിച്ചത്. ലോക്പാല്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍ ലോകായുക്ത സംസ്ഥാന വിഷയമാണ്. അതുകൊണ്ട് നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താം. നിയമത്തില്‍ മാറ്റം വരുത്താൻ രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടെന്നും സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവർണറുടെ തീരുമാനം വന്ന ശേഷം നിയമസഭ സമ്മേളന തീയതി തീരുമാനിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗം നിയമസഭ സമ്മേളന തീയതി തീരുമാനിച്ചില്ല.

അമേരിക്കയില്‍ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആറിന് മടങ്ങി എത്തും. അതിന് ശേഷം ഗവര്‍ണറുടെ തീരുമാനവും കൂടി വന്ന് കഴിഞ്ഞ് അടുത്ത തിങ്കളാഴ്ചയോടെ നിയമസഭ സമ്മേളന തീയതി തീരുമാനിക്കാനാണ് സര്‍ക്കാറിന്‍റെ നീക്കം.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *