വേദനയായി പിതാവിന്‍റെ കാത്തിരിപ്പ്: വിളിപ്പാടകലെനിന്ന് മഅ്ദനി മടങ്ങി

July 8, 2023
8
Views

ആശുപത്രിയില്‍നിന്ന് ആംബുലൻസിലേക്ക് പ്രവേശിപ്പിക്കുമ്ബോള്‍ കിടക്കയില്‍നിന്ന് മഅ്ദനിയുടെ വിറയാര്‍ന്ന കൈകള്‍

കൊച്ചി: ആശുപത്രിയില്‍നിന്ന് ആംബുലൻസിലേക്ക് പ്രവേശിപ്പിക്കുമ്ബോള്‍ കിടക്കയില്‍നിന്ന് മഅ്ദനിയുടെ വിറയാര്‍ന്ന കൈകള്‍ പ്രവര്‍ത്തകര്‍ക്കുനേരെ അഭിവാദ്യമായി ഉയര്‍ന്നു.

ആര്‍ത്തിരമ്ബുന്ന മുദ്രാവാക്യങ്ങള്‍ പ്രാര്‍ഥനകളായി മാറിയ നിമിഷം.

നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ലഭിച്ച ഇളവിന്‍റെ ആനുകൂല്യത്തില്‍ കാതങ്ങള്‍ താണ്ടിയെത്തിയിട്ടും രോഗബാധിതനായ പിതാവിനെ കാണാനാകാതെ പി.ഡി.പി ചെയര്‍മാൻ അബ്ദുന്നാസിര്‍ മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങി. നിയമത്തിന്‍റെ നൂലാമാലകളും ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള ദൂരവും താണ്ടിയിട്ടും പ്രിയപിതാവിന്‍റെ കൈപിടിക്കാനാകാതെയുള്ള തങ്ങളുടെ നേതാവിന്‍റെ മടക്കയാത്ര പ്രവര്‍ത്തകരെയും വിഷമത്തിലാക്കി. വെള്ളിയാഴ്ച വൈകീട്ട് 6.15ഓടെയാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍നിന്നും മഅ്ദനിയെ മടക്കയാത്രക്ക് സ്ട്രെച്ചറില്‍ പുറത്തേക്ക് എത്തിച്ചത്.

ബന്ധുക്കളും പാര്‍ട്ടി നേതാക്കളുമടങ്ങുന്ന സംഘം ആശുപത്രിക്ക് അകത്ത് നിരന്നപ്പോള്‍ പ്രവര്‍ത്തകരുടെ വലിയ കൂട്ടമാണ് പുറത്തുണ്ടായിരുന്നത്. മഅ്ദനിയുമായി നേതാക്കള്‍ പുറത്തേക്ക് എത്തുമ്ബോള്‍ ആശുപത്രിയുടെ മുറ്റം മുദ്രാവാക്യമുഖരിതമായി. 6.20ഓടെ മഅ്ദനിയുമായി ആംബുലൻസ് നെടുമ്ബാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.

വിമാനത്താവളത്തിലെത്തിയശേഷം 9.20നുള്ള ഇൻഡിഗോ വിമാനത്തില്‍ ബംഗളൂരുവിലേക്ക് തിരിച്ചു. സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവില്‍ കഴിഞ്ഞ 26നാണ് ബംഗളൂരുവില്‍നിന്ന് മഅ്ദനി കൊല്ലത്തേക്ക് പുറപ്പെട്ടത്. എന്നാല്‍ നെടുമ്ബാശ്ശേരിയില്‍ വിമാനമിറങ്ങി യാത്ര തുടരവെ ആലുവയിലെത്തിയപ്പോള്‍ കടുത്ത ശാരീരികാസ്വസ്ഥത അനുഭവപ്പെടുകയും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദവും ക്രിയാറ്റിനീൻ അളവുകൂടുതലും മറ്റനേകം ശാരീരിക പ്രശ്നങ്ങളുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ചികിത്സ നല്‍കിയെങ്കിലും ശാരീരികാവസ്ഥയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

ഇതിനിടെ, കോടതി അനുവദിച്ച ഇളവ് കാലാവധി ശനിയാഴ്ച അവസാനിക്കുമെന്നതിനാല്‍ വെള്ളിയാഴ്ചതന്നെ ബംഗളൂരുവിലേക്ക് പുറപ്പെടേണ്ടി വരുകയായിരുന്നു. ഡയാലിസിസ് ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും യാത്രക്ക് തടസ്സമാകുമെന്നതിനാല്‍ മഅ്ദനി അതിന് തയാറായില്ല. തിങ്കളാഴ്ചയാണ് സുപ്രീംകോടതിയില്‍ വീണ്ടും മഅ്ദനിയുടെ കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 17നാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിനെ കാണാൻ മഅ്ദനിക്ക് സുപ്രീം കോടതി മൂന്നുമാസത്തെ ജാമ്യ ഇളവ് നല്‍കിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *