സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ കടലില്‍ വീണ്​ യുവാവ് മരിച്ചു

September 14, 2021
144
Views

വിഴിഞ്ഞം: ആഴിമല തീരത്ത് പാറക്കൂട്ടത്തില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തിലെ ഒരാള്‍ കടലില്‍ വീണ് മരിച്ചു. തിരുവല്ലം ടി.സി 35/22 29-ല്‍ വലിയ കുന്നുംപുറത്ത് വീട്ടില്‍ മണിയെന്‍റയും തങ്കമണിയുടെയും മകന്‍ ജയക്കുട്ടന്‍ (35) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആഴിമല ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.

പൂവാറില്‍ ഒരു സുഹൃത്തിന്‍റ വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ, ആഴിമലക്ഷേത്രം കാണാനാണ് സംഘമെത്തിയത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കടല്‍ക്കരയിലെ പാറക്കൂട്ടത്തില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതിയ ജയക്കുട്ടന്‍ കടലിലേക്ക് വീണു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും യുവാവ് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയി.

നിലവിളി കേട്ടെത്തിയ നാട്ടുകാരും തീരദേശ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും തിരച്ചില്‍ നടത്തിയെങ്കിലും സ്വകാര്യ റിസോർട്ടിലെ ലൈഫ് ഗാർഡുമാരാണ് വൻ തിരമാലയെ അതിജീവിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ മ്യതദേഹം കരക്കെടുത്തത്.

ദിവസങ്ങൾക്ക് ശേഷം ലഭിക്കുമായിരുന്ന മ്യതദേഹം അപ്പോൾ തന്നെ കരക്കെത്തിച്ചത് ഷാജി, ചിക്കു തുടങ്ങിയ ലൈഫ് ഗാർഡുമാരാണ്. തീരദേശ പൊലീസ് എത്തി മേല്‍നടപടി സ്വീകരിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. എന്‍ജിനീയറിങ് ബിരുദമെടുത്ത ജയക്കുട്ടന്‍ ബിസിനസ് ട്യൂഷനും കാറ്ററിങ് സര്‍വിസും നടത്തി വരികയായിരുന്നെന്ന് വിഴഞ്ഞം പൊലീസ് മലയാളി റിപ്പോർട്ടറിനോട് പറഞ്ഞു. അഖില്‍, മനു എന്നിവര്‍ സഹോദരങ്ങളാണ്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *