ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും രാജ്യത്ത് സ്ഥാനമുണ്ടാകില്ല: പ്രധാനമന്ത്രി

September 4, 2023
31
Views

ഇന്ത്യ 2047 ആകുന്പോഴേക്കും വികസിത രാജ്യമായി മാറുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി: ഇന്ത്യ 2047 ആകുന്പോഴേക്കും വികസിത രാജ്യമായി മാറുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈൻവഴിയുള്ള മതമൗലികവാദ പ്രചാരണങ്ങളും ഗൗരവത്തോടെ കാണണമെന്നു പറഞ്ഞ പ്രധാനമന്ത്രി ജാതീയത, വര്‍ഗീയത എന്നിവയ്ക്ക് രാജ്യത്ത് ഇടമില്ലാതാകുമെന്നും പറഞ്ഞു.

ഡല്‍ഹിയില്‍ ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ വാര്‍ത്താ ഏജൻസിയായ പിടിഐക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അഭിപ്രായ പ്രകടനങ്ങള്‍.

ഉച്ചകോടിക്കു ശേഷം ഒട്ടേറെ ഗുണപരമായ മാറ്റങ്ങള്‍ക്കു രാജ്യം സാക്ഷിയാകും. ജി 20 കൂട്ടായ്മയുടെ അധ്യക്ഷപദവിയുടെ ആശയം ‘വസുധൈവ കുടുംബകം’ എന്നതാണ്. ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി എന്ന ഈ സങ്കല്പം വെറുമൊരു മുദ്രാവാക്യം മാത്രമല്ല നമ്മുടെ സംസ്‌കാരത്തില്‍നിന്ന് ഉരുവംകൊണ്ട സവിശേഷകരമായൊരു തത്വശാസ്ത്രം കൂടിയാണ്. രാജ്യത്തോടും ലോകത്തോടുമുള്ള കാഴ്ചപ്പാടിനെ നയിക്കുന്നത് ഈ ആശയവമാണെന്നു പറഞ്ഞ പ്രധാനമന്ത്രി രാജ്യത്ത് നടപ്പാക്കിയ പരിപാടികളെക്കുറിച്ച്‌ എണ്ണിയെണ്ണി വിശദീകരിച്ചു.

പിന്നാക്കമെന്നു മുദ്രകുത്തി അവഗണിക്കപ്പെട്ടിരുന്ന ജില്ലകളെ കണ്ടെത്തിയതാണ് ഒരുദാഹരണം. അവിടെ ജനതയുടെ ശക്തീകരണത്തിനു പുതിയൊരു സമീപനം സ്വീകരിച്ചു. അത്ഭുതകരമായ ഫലമായിരുന്നു ഇതിന്. ഈ ജില്ലകളില്‍ വലിയ പുരോഗതിയാണ് ദൃശ്യമാകുന്നത്. വൈദ്യുതിയില്ലാത്ത ഗ്രാമങ്ങളും വീടുകളും കണ്ടെത്തി വൈദ്യുതീകരിച്ചതാണ് മറ്റൊന്ന്. കുടിവെള്ളത്തിന്‍റെ ലഭ്യതയില്ലാത്ത പത്തുകോടിയോളം കുടുംബങ്ങള്‍ക്ക് ഈ സൗകര്യം ഏര്‍പ്പെടുത്തി. ശൗചാലയം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയിലും സമാനമായ സമീപനം സ്വീകരിച്ചു. ആഗോളതലത്തിലും ഈ രീതിയാകും നാം പിന്തുടരുക-അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് നമ്മുടെ സമീപം ഒറ്റപ്പെട്ടു തുടരുക എന്നതായിരുന്നില്ല, മറിച്ച്‌ സമന്വയത്തിന്‍റേതായിരുന്നു. മരുന്നും പ്രതിരോധവാക്‌സിനും നല്‍കി ലോകത്തെ 150 രാജ്യങ്ങളെ നമ്മള്‍ പരിചരിച്ചു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദശകങ്ങളില്‍ ഒട്ടേറെ സമ്മേളനങ്ങളാണ് നടന്നത്. നല്ല ഉദ്ദേശ‍്യത്തോടെ തുടങ്ങുന്ന ചര്‍ച്ചകള്‍ ഏതെങ്കിലുമൊരു രാജ്യത്തെ പഴിചാരുന്ന തരത്തിലാണ് അവസാനിച്ചത്. ഇതിലെല്ലാം ക്രിയാത്മകനിലപാട് സ്വീകരിക്കാൻ ഇന്ത്യക്കുകഴിഞ്ഞു. രാജ്യാന്തര സോളാര്‍ സഖ്യം ഉദാഹരണം.

ഒരു ലോകം, ഒരു സൂര്യന്‍, ഒരു വിതരണശൃംഖല എന്ന ലക്ഷ്യത്തോടെ രാജ്യങ്ങളെ ഒന്നിപ്പിക്കാനായിരുന്നു ശ്രമം.-അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ സാന്പത്തികവളര്‍ച്ച ഒന്പതുവര്‍ഷത്തെ ഭരണനേട്ടത്തിന്‍റെ സ്വഭാവികഫലമാണ്. സാന്പത്തികവളര്‍ച്ചയില്‍ ചുരിങ്ങിയ കാലംകൊണ്ട് അഞ്ചാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു. അടുത്ത ആയിരം വര്‍ഷത്തേക്ക് ഓര്‍മിക്കപ്പെടാവുന്നതരം വളര്‍ച്ചയ്ക്കുള്ള അടിത്തറയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയെക്കുറിച്ചുള്ള ആഗോളകാഴ്ചപ്പാട് മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നൂറുകോടി വിശക്കുന്ന വയറുകളുടെ രാജ്യമായാണ് പാശ്ചാത്യര്‍ നമ്മളെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് പ്രതീക്ഷാനിര്‍ഭരമായ നൂറുകോടി മനസുകളുടെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ മേയില്‍ ചൈനയുടെയും പാകിസ്ഥാന്‍റെയും ശക്തമായ എതിര്‍പ്പിനിടയിലും ജി 20 ടൂറിസം യോഗം വിജയകരമായി നടത്താൻ ഇന്ത്യക്കു കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *