പെരിയകേസ്: കോടതിയിൽ ഹാജരാകാതെ കെ.വി കുഞ്ഞിരാമൻ, അറസ്റ്റിലായവരുടെ റിമാൻഡ് കാലാവധി നീട്ടി

December 15, 2021
318
Views

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ നിലവിൽ ജയിലിലുള്ള പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി. ജാമ്യത്തിലിറങ്ങിയ മൂന്ന് പേർ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരായി. അവർക്ക് ജാമ്യത്തിൽ തുടരാനുള്ള അനുമതി നൽകി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ മൂന്ന് പ്രതികൾ ഹാജരായില്ല.

കെ വി കുഞ്ഞിരാമനു പുറമേ സിപിഎം നേതാക്കളായ  കെ.വി.ഭാസ്കരൻ ,  ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരും ഇന്ന് ഹാജരായില്ല. നോട്ടീസ് ലഭിച്ചത് താമസിച്ചതിനാൽ മറ്റൊരു ദിവസം ഹാജരാകാൻ അനുമതി കുഞ്ഞിരാമന്റെ അഭിഭാഷകൻ കോടതിയോട് അപേക്ഷിച്ചു.  ഇന്ന് ഹാജരാകാത്തവരോട് ഈ മാസം 22ന് ഹാജരാകാനും കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും 29ന് പരി​ഗണിക്കും. രാഘവൻ വെളുത്തോളി, ഇപ്പോൾ ജാമ്യത്തിലുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണൻ, മണി എന്നിവരാണ് നേരിട്ട് ഹാജരായത്. രാഘവൻ വെളുത്തോളിക്കും ഇന്ന് ജാമ്യം അനുവദിച്ചു. ജയിലിൽ കഴിയുന്ന പ്രതികളെല്ലാം വീഡിയോ കോൺഫറൻസിങ് വഴി ഹാജരായി. 

കേസിൽ ആകെ 24 പ്രതികളാണുള്ളത്. ഇതിൽ 19 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ സന്ദീപ് ഇപ്പോൾ ഗൾഫിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സിബിഐ. ഈ മാസം 3നാണ് പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. സിബിഐ  തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുത്തത്.  പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരാണ് ഒന്നാം പ്രതി.  പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്താൻ കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

യുവാക്കള്‍ക്കിടയിൽ ശരത്ത് ലാലിനുണ്ടായിരുന്ന സ്വാധീനം അവസാനിപ്പിക്കാൻ സിപിഎം പ്രാദേശിക നേതാക്കള്‍ തീരുമാനിച്ചിരുന്നു. സിപിഎം പശ്ചാത്തമുള്ള കുടുംബത്തിലെ കൃപേഷ് ശരത്ത് ലാലിന്റെ അടുത്ത അനുയായി മാറിയതും സിപിഎം നേതാക്കളെ അസ്വസ്ഥപ്പെടുത്തി. ശരത് ലാലും സിപിഎം പ്രവർത്തകരും തമ്മിൽ നിരവധി പ്രാവശ്യം ഏറ്റമുട്ടലുകളുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ ശരത്ത് ലാൽ മർദ്ദിക്കുന്നത്. ഇതിന് ശേഷം കൊലപാതക ഗൂഡാലോചന സിപിഎം തുടങ്ങിയെന്ന് സിബിഐ പറയുന്നു. കൊലപാതകം, തെളിവു നശിപ്പിക്കൽ സംഘം ചേരൽ, ഗൂഡാലോചന തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍. 2019 ഫെബ്രുവരി 17നാണ് പെരിയയിൽ യുവാക്കളെ കൊലപ്പെടുത്തുന്നത്. 

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *