മ്യാന്മര്‍ സൈനിക വിമാനം മിസോറമില്‍ തകര്‍ന്നുവീണു; എട്ടുപേര്‍ക്ക് പരിക്ക്

January 24, 2024
21
Views

മിസോറമിലെ ലെങ്പുയി വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ മ്യാൻമർ സൈനിക വിമാനം തകർന്നുവീണ് എട്ടുപേർക്ക് പരിക്കേറ്റു.

ഐസ്വാള്‍: മിസോറമിലെ ലെങ്പുയി വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ മ്യാൻമർ സൈനിക വിമാനം തകർന്നുവീണ് എട്ടുപേർക്ക് പരിക്കേറ്റു.

അപകടത്തിന്റെ ആഘാതത്തില്‍ വിമാനം രണ്ടായി വേർപെട്ടു. ചൊവ്വാഴ്ച രാവിലെ 10.20 ഓടെയായിരുന്നു അപകടം.

പൈലറ്റ് ഉള്‍പ്പെടെ 14 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ലെങ്പുയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവെച്ചതായി മിസോറം ഡി.ജി.പി അനില്‍ ശുക്ല അറിയിച്ചു. ഇവിടേക്കുള്ള സർവിസുകള്‍ വഴിതിരിച്ചുവിട്ടു. റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം കുറ്റിക്കാട്ടില്‍ പതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മിസോറം തലസ്ഥാനമായ ഐസ്വാളിന് 30 കിലോമീറ്റർ അകലെയുള്ള ലെങ്പുയി ആഭ്യന്തര വിമാനത്താവളം, രാജ്യത്തെ അപകടകരമായ ടേബിള്‍ ടോപ്പ് റണ്‍വേകളില്‍ ഒന്നാണ്. അപകടത്തെക്കുറിച്ച്‌ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷണത്തിന് ഉത്തരവിട്ടതായി സംസ്ഥാന സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.

വംശീയ സംഘർഷത്തെ തുടർന്ന് അതിർത്തി കടന്ന് മിസോറമിലെത്തിയ മ്യാൻമർ സൈനികരെ തിരികെ കൊണ്ടുപോകാനാണ് വിമാനം എത്തിയത്. കഴിഞ്ഞയാഴ്ച 276 മ്യാൻമർ സൈനികർ ഇന്ത്യയിലേക്ക് കടന്നിരുന്നു. ഇവരില്‍ 184 പേരെ മടക്കി അയച്ചു. ബാക്കിയുള്ളവർ തിരിച്ചുപോകാനായി അസം റൈഫിള്‍സിന്റെ മേല്‍നോട്ടത്തില്‍ ലെങ്പുയി വിമാനത്താവളത്തില്‍ എത്തിയിരുന്നു. പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈൻ സൈനിക ക്യാമ്ബുകള്‍ വിഘടനവാദികളായ അരാക്കൻ ആർമി പിടിച്ചെടുത്തതോടെയാണ് സൈനികർ ഇന്ത്യയിലേക്ക് കടന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *