ഒരുമാസത്തിലേറയായി അടഞ്ഞുകിടക്കുന്ന പൊന്‍മുടി നാളെ തുറക്കും

February 22, 2022
120
Views

കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊന്‍മുടി നാളെ തുറക്കും. ഒരുമാസത്തിലേറയായി അടഞ്ഞുകിടക്കുന്ന പൊന്‍മുടി തുറക്കുന്നത് സംബന്ധിച്ച് ജില്ലാകളക്ടര്‍ക്കും തിരുവനന്തപുരം ഡി.എഫ്.ഒ കെ.ഐ. പ്രദീപ്കുമാറിനും എം.എല്‍.എ ഡി.കെ. മുരളി അടിയന്തര നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊന്‍മുടി തുറക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയത്.ജനുവരി 18നാണ് ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് പൊന്‍മുടി അടച്ചത്. പൊന്‍മുടിയില്‍ നാളെയെത്തുന്ന എല്ലാ സഞ്ചാരികളേയും കടത്തിവിടാനാണ് തീരുമാനം. തത്കാലം ഓണ്‍ലൈന്‍ സംവിധാനമില്ല. പൊന്‍മുടിക്കൊപ്പം മങ്കയം, കല്ലാര്‍ മീന്‍മുട്ടിയും തുറക്കുമെന്ന് ഡി.എഫ്.ഒ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തില്‍ അഞ്ച് മാസം മാത്രമാണ് പൊന്‍മുടി സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. വനംവകുപ്പിന് പാസിനത്തില്‍ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് പൊന്‍മുടി അടഞ്ഞുകിടന്നതോടെ നഷ്ടമായത്. അടച്ചിടലിന് ശേഷം തുറന്നപ്പോള്‍ പൊന്‍മുടിയിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. കല്ലാറില്‍ രണ്ട് വിനോദസഞ്ചാരികളായ യുവാക്കള്‍ മുങ്ങിമരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും അപകടമരണങ്ങള്‍ക്ക് തടയിടുന്നതിനുമായി വനംവകുപ്പും പൊലീസും ചേര്‍ന്ന് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു.

ഒരുമാസമായി പൊന്‍മുടി അടഞ്ഞുകിടക്കുന്നതിനാല്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കാട്ടാന, കാട്ടുപോത്ത്, പന്നി, കേഴ തുടങ്ങിയവ ജനവാസ മേഖലയിലേക്കും ഇറങ്ങുന്നുണ്ട്. പൊന്‍മുടി തോട്ടം മേഖലയില്‍ ഒറ്റയാന്‍ വിഹരിക്കുന്നതായി തൊഴിലാളികള്‍ പറയുന്നു. ഒറ്റയാന്‍ ഒരുമാസം മുന്‍പാണ് പൊന്‍മുടി കല്ലാര്‍ മേഖലയില്‍ എത്തിയത്. ഇതുവരെ കാട്ടിലേക്ക് മടങ്ങിയിട്ടില്ല.നാല് മാസം മുന്‍പ് ശക്തമായ മഴയില്‍ തകര്‍ന്ന പൊന്‍മുടിയിലേക്കുള്ള റോഡിന്റെ പണി ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. കല്ലാര്‍ ഗോള്‍ഡന്‍വാലിക്ക് സമീപമാണ് റോഡിന്റെ ഒരു വശം ഇടിഞ്ഞുതാഴ്ന്നത്. പണി ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നതിനാല്‍ റോഡിന്റെ ഒരു വശത്തുകൂടിയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *