രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവം; കുട്ടിയുടെ തലച്ചോറിലേക്ക് രക്തസ്രാവം കുറഞ്ഞതായി മെഡിക്കല്‍ ബുള്ളറ്റിന്‍

February 22, 2022
130
Views

എറണാകുളം തൃക്കാക്കരയില്‍ മര്‍ദനത്തിന് ഇരയായ രണ്ടര വയസുകാരിയുടെ തലച്ചോറിലേക്ക് രക്തസ്രാവം കുറഞ്ഞതായി ലക്ഷണങ്ങള്‍ കണ്ടുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കുട്ടി വെന്റിലേറ്ററില്‍ തുടരുന്നതായും എംഒഎസ്‌സി മെഡിക്കല്‍ മിഷന്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

നട്ടെല്ലില്‍ സുഷുമ്‌നാ നാഡിയ്ക്ക് മുന്‍പില്‍ രക്തസ്രാവം ഉള്ളതായി സ്ഥിരീകരിച്ചു. എംആര്‍ഐ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അപസ്മാരം ഉണ്ടായിട്ടില്ലെന്നത് ആശ്വാസം പകരുന്നുണ്ട്.

ശരീരോഷ്മാവും ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്കെത്തി. തലച്ചോറിലെ നീര്‍ക്കെട്ട് കുറയാനും അപസ്മാരം വരാതിരിക്കാനുമുള്ള മരുന്നുകള്‍ നല്‍കിയുള്ള ചികിത്സ തുടരുന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
അതേസമയം മുതുകില്‍ തീപൊള്ളലേറ്റിട്ടുണ്ടെന്നും തല മുതല്‍ കാല്‍പാദം വരെ മുറിവുണ്ടെന്നും അമ്മയുടെ മൊഴി വിശ്വാസമല്ലെന്നും പൊലീസ്. മുറിവുകള്‍ 10 ദിവസം പഴക്കമുള്ളതെന്ന് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. പൊള്ളലേറ്റത് കത്തിയ കുന്തിരക്കം വാരിയെറിഞ്ഞപ്പോഴെന്ന് അമ്മ മൊഴി നല്‍കി. അമ്മയുടെ സഹോദരിയേയും ഭര്‍ത്താവിനേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ്. കുടുംബത്തിന്റെ മുഴുവന്‍ പശ്ചാത്തലവും ദുരൂഹത നിറഞ്ഞതെന്ന് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു.

കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്ക്കെതിരെ കേസെടുത്തെങ്കിലും പരുക്കിന്റെ കാരണം ദുരൂഹമായി തുടരുന്നു. ഇവര്‍ക്കൊപ്പം താമസിക്കുന്നയാള്‍ ആന്റണി ടിജിന്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ഷപ്പെട്ടു. കുഞ്ഞിന്റെ അമ്മയുടെ സഹോദരിക്കൊപ്പം കാറില്‍ രക്ഷപ്പെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇവര്‍ ആദ്യം പോയത് പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയിലേക്കായിരുന്നു. പിന്നീട് രാത്രി പതിനൊന്നോടെ അതീവഗുരുതരാവസ്ഥയിലായ കുട്ടിയെ കോലഞ്ചേരി മെഡിക്കല് മിഷനിലേക്ക് മാറ്റി.

എന്നാല്‍ രണ്ടര വയസുകാരിക്ക് സംഭവിച്ചത് ക്രൂര മര്‍ദ്ദനമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലച്ചോറില്‍ ക്ഷതം, ഇടത് കൈയില്‍ രണ്ട് ഒടിവ്, തലമുതല്‍ കാല്‍ പാദം വരെ മുറിവുകള്‍ ഉള്ളതായി ആശുപത്രി അധികൃതര്‍ പറയുന്നു. കൂടാതെ കുഞ്ഞിന്റെ മുതുകില്‍ തീപ്പൊള്ളലുകളും ഏറ്റിട്ടുണ്ട്. കുഞ്ഞ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു.

കൃത്യം ഒരു മാസം മുന്‍പാണ് പുതുവൈപ്പ് സ്വദേശിയായ ആന്റണി ടിജിന്‍ കാക്കനാട് നവോദയ ജംഗ്ഷന് സമീപം വീട് വാടയ്ക്കെടുക്കുന്നത്. സൈബര്‍ പോലീസ് ഉദ്യോഗസ്ഥനായ താന്‍ കാനഡയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ചതാണെന്നും ഭാര്യയും മൂന്ന് വയസുകാരന്‍ മകന്‍, ഭാര്യാസഹോദരി, അമ്മ എന്നിവരും ഒപ്പമുണ്ടെന്നാണ് ഒപ്പമുണ്ടെന്നാണ് ഫ്ളാറ്റ് ഉടമയോട് പറഞ്ഞത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *