കര തൊട്ട് ദുര്‍ബലമായി ഹമൂണ്‍: മഴ തുടരും; ഇടുക്കിയില്‍ മൂന്ന് അണക്കെട്ടുകള്‍ തുറന്നു

October 26, 2023
37
Views

ബംഗ്ലാദേശില്‍ കരകയറിയ അതിതീവ്ര ചുഴലിക്കാറ്റായ ഹമൂണ്‍ ദുര്‍ബലമായി.

തൊടുപുഴ: ബംഗ്ലാദേശില്‍ കരകയറിയ അതിതീവ്ര ചുഴലിക്കാറ്റായ ഹമൂണ്‍ ദുര്‍ബലമായി. ബംഗ്ലാദേശിലെ തെക്കന്‍ ചിറ്റഗോങ്ങില്‍ ഇന്നലെ പുലര്‍ച്ചെ 1.30നും 2.30നും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്.

കരതൊടുമ്ബോള്‍ ശക്തി കുറഞ്ഞതിനാല്‍ 95 കിലോമീറ്റര്‍ ആയിരുന്നു കാറ്റിന്റെ പരമാവധി വേഗത. ഇന്നലെ രാവിലെ എട്ടരയോടെ അതി തീവ്രന്യൂനമര്‍ദമായി മാറി തെക്ക് കിഴക്കന്‍ ബംഗ്ലാദേശിലും മിസോറാമിനും സമീപത്തുമായി എത്തി. പിന്നീട് വടക്ക്കിഴക്ക് ദിശയിലേക്ക് നീങ്ങി ഉച്ചയ്‌ക്ക് ശേഷം തീവ്രന്യൂനമര്‍ദമായും രാത്രിയോടെ ന്യൂനമര്‍ദമായും മാറി. അതേ സമയം യെമനില്‍ കരതൊട്ട തേജ് തീവ്രചുഴലിക്കാറ്റ് ഇന്നലെ പുലര്‍ച്ചയോടെ ന്യൂനമര്‍ദമായി മാറി.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടവിട്ട് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ ഏതാനും ദിവസമായി മലയോര മേഖലകളില്‍ ഇടി, കാറ്റ്, ശക്തമായ മഴ എന്നിവ വ്യാപകമായി നാശം വിതയ്‌ക്കുകയാണ്.

ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ മൂന്ന് ഡാമുകള്‍ ഇന്നലെ തുറന്നു. പൊന്മുടി, കല്ലാര്‍, അണക്കെട്ടുകളാണ് തുറന്നത്. പാമ്ബഌ(ലോവര്‍ പെരിയാര്‍) അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള മുന്നറിയിപ്പ് നല്കി. പൊന്മുടി ഡാമിലെ ജലനിരപ്പ് അനുവദനീയമായ പരമാവധി സംഭരണ ശേഷി എത്തിയതോടെ റോഡിയല്‍ ഗേയ്റ്റ് രണ്ട്, മൂന്ന് മണിയോടെ 10 സെന്റി മീറ്റര്‍ തുറന്ന് വെള്ളം ഒഴുക്കി വിടാന്‍ തുടങ്ങി. പന്നിയാര്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

കല്ലാര്‍ ഡാമിന്റെ മൂന്നാം നമ്ബര്‍ ഷട്ടര്‍ 10 സെന്റി മീറ്റര്‍ ആണ് ഇന്നലെ രാവിലെ തുറന്നത്. ചിന്നാര്‍, കല്ലാര്‍ പുഴയിലെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പാമ്ബഌഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ആണ് ഷട്ടര്‍ തുറക്കുന്നത് മാറ്റിവച്ചത്. ഏതാനം ദിവസങ്ങളായി ഇടുക്കിയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ജില്ലയില്‍ പലയിടത്തായി ഇടിമിന്നലില്‍ വ്യാപക നാശം ഉണ്ടായിട്ടുണ്ട്. അതേ സമയം ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2353.22 അടിയായി, 48.60 ശതമാനം. കുണ്ടള- 97, മാട്ടുപ്പെട്ടി- 75, ആനയിറങ്കല്‍- 56, നേര്യമംഗലം- 67 ശതമാനം വീതമാണ് ജലശേഖരം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *