സംസ്ഥാനത്ത് മഴ കനക്കുന്നു: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

July 26, 2023
56
Views

സംസ്ഥാനത്ത് മഴ കനക്കുന്നു.

തിരുവനന്തപുരം > സംസ്ഥാനത്ത് മഴ കനക്കുന്നു. മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം( Well Marked Low Pressure Area) സ്ഥിതി ചെയ്യുന്നു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച്‌ പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ കൊങ്കണ്‍ തീരം മുതല്‍ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തിയും വടക്ക് പടിഞ്ഞാറൻ മധ്യ പ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഒപ്പം തെക്കൻ പാകിസ്ഥാനു മുകളില്‍ മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി 27 വരെ സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും (Heavy Rainfall) സാധ്യതയുണ്ടെന്നും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *