ഗള്‍ഫില്‍ ചൂട് കനക്കുന്നു : പലയിടങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

July 26, 2023
43
Views

ജൂലൈ അവസാനിക്കാറായതോടെ ഗള്‍ഫ് ചൂടില്‍ വെന്തുരുകുന്നു.

ദുബായ്: ജൂലൈ അവസാനിക്കാറായതോടെ ഗള്‍ഫ് ചൂടില്‍ വെന്തുരുകുന്നു. ജിസിസിയിലെ മിക്ക രാജ്യങ്ങളിലും ചൂട് 40 ഡിഗ്രിക്കും 50 ഡിഗ്രിക്കും ഇടയിലായി.

യുഎഇയിലെ പലയിടങ്ങളിലും 50 ഡിഗ്രിയും കഴിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ചൂട് വര്‍ധിച്ചതോടെ ജനങ്ങള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.

സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് കൊള്ളത്തക്കവിധം ആരും പുറത്തിറങ്ങരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച്‌ ബൈക്ക് ഓടിക്കുന്ന വര്‍ക്ക് കര്‍ശന നിര്‍ദേശമാണ് പോലീസ് നല്‍കിയിരിക്കുന്നത്. വാഹന യാത്രികര്‍ക്ക് വേണ്ടി ” സേഫ് സമ്മര്‍ ” എന്ന പേരില്‍ അവബോധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അബുദാബി പോലീസിന്റെ ജനറല്‍ കമാൻഡിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ചൂട് കാലത്ത് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെയും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നത് മൂലവും ഡ്രൈവര്‍മാര്‍ക്ക് വാഹനത്തിന് തീപിടിക്കാനുള്ള സാധ്യത ലഘൂകരിക്കാനും അവരുടെയും മറ്റ് വാഹന യാത്രികരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നും അബുദാബി പോലീസ് വ്യക്തമാക്കി.

കുട്ടികളെ കാറില്‍ തനിച്ചാക്കിയാല്‍ ജയിലില്‍ കിടക്കാം

ചൂട് കാലത്ത് ഒരു കാരണവശാലും കുട്ടികളെ ഒറ്റയ്ക്ക് വാഹനത്തില്‍ ഉപേക്ഷിക്കരുതെന്ന് ദുബായ് പോലീസ് രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് 5000 മുതല്‍ 10000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും ജയിലിലടക്കുമെന്നും യുഎഇ അധികൃതര്‍ അറിയിച്ചു. വദീമ നിയമത്തിലെ 35-മത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അപകടങ്ങളിലേക്ക് കുട്ടികളെ തള്ളി വിടരുതെന്നും വാഹനങ്ങളില്‍ കുട്ടികളുമായുള്ള യാത്രകളില്‍ ഏറെ ജാഗരൂകരായിരിക്കണമെന്നും ദുബായ് പോലീസ് രക്ഷിതാക്കളോട് നിര്‍ദ്ദേശം നല്‍കി.

കുട്ടികളുമായി ഷോപ്പിംഗിന് പോകുകയോ വീട്ടിലേക്ക് മടങ്ങുകയോ ചെയ്യുകയാണെങ്കില്‍ കാര്‍ ലോക്ക് ചെയ്യുന്നതിനുമുമ്ബ് വാഹനത്തില്‍ നിന്ന് കുട്ടികള്‍ പുറത്തിറങ്ങിയെന്ന് കുടുംബങ്ങള്‍ ഉറപ്പാക്കണമെന്നും പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുള്ള അവബോധ വീഡിയോയും ദുബായ് പോലീസ് പ്രദര്‍ശിപ്പിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *