ജിദ്ദ: ഞായറാഴ്ച രാത്രിയില്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന് റിഷാദ് അലിയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി. മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം റാബിഖില്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞായിരുന്നു അപകടം.
റാബിഖ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച മക്കയിലെത്തിച്ച് മസ്ജിദുല്‍ ഹറാമില്‍ അസര്‍ നമസ്കാരശേഷം മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചു. ജന്നത്തുല്‍ മഅല്ല മഖ്ബറയിലാണ് ഖബറടക്കിയത്. അപകടത്തില്‍ പരിക്കേറ്റ റിഷാദ് അലിയുടെ ഭാര്യ ഫര്‍സീന ചേരുംകുഴിയില്‍, വട്ടിപ്പറമ്ബത്ത് റംലത്ത്, ഡ്രൈവര്‍ അബ്ദുല്‍ റഊഫ് കൊളക്കാടന്‍ എന്നിവരുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
ഇവര്‍ ജിദ്ദ നോര്‍ത്ത് അബ്ഹൂര് കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, റാബിഖ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിഷാദ് അലിയുടെ മൂന്നര വയസ്സായ മകള്‍ അയ്മിന് റോഹയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഗുരുതരമല്ലാത്ത പരിക്കേറ്റ റിന്‍സില, മുഹമ്മദ് ബിന്‍സ് എന്നിവര്‍ ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. മദീന സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഞായറാഴ്ച വൈകീട്ട് 7.30 ഓടെ റാബിഖില്‍ അപകടത്തില്‍പെടുകയായിരുന്നു.