ക്യൂ കോംപ്ലക്‌സുകളിലെ വിശ്രമം തീര്‍ഥാടകര്‍ക്ക്‌ ദുരിതം

December 22, 2023
35
Views

ക്യൂ കോംപ്ലക്‌സുകളിലെ വിശ്രമം തീര്‍ത്ഥാടകര്‍ക്ക്‌ ദുരിതമാകുന്നു.

ശബരിമല: ക്യൂ കോംപ്ലക്‌സുകളിലെ വിശ്രമം തീര്‍ത്ഥാടകര്‍ക്ക്‌ ദുരിതമാകുന്നു. മൂന്നര മണിക്കൂറോളമാണ്‌ പോലീസ്‌ തിരക്കിന്റെ പേര്‌ പറഞ്ഞ്‌ തീര്‍ത്ഥാടകരെ യാതൊരു സൗകര്യവുമില്ലാത്ത വെറും കെട്ടിട സമുച്ചയത്തിനുള്ളില്‍ അടച്ചിടുന്നത്‌.

ഇതിനെതിരേ തീര്‍ത്ഥാടകരില്‍നിന്നും വ്യാപക പ്രതിഷേധം ഉയരുന്നു. തിരുപ്പതി മോഡലെന്നു കൊട്ടിഘോഷിച്ച്‌ നിര്‍ബന്ധപൂര്‍വം ഭക്‌തരെ കയറ്റുന്ന ഇവിടെ ഇരിക്കാനൊരു കസേരയോ മറ്റ്‌ സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. ഇതിനുള്ളിലേക്ക്‌ കുത്തി നിറച്ച്‌ കയറ്റുന്നതിനാല്‍ നിലത്ത്‌ ഇരിക്കാന്‍ പോലും തീര്‍ത്ഥാടകര്‍ക്ക്‌ കഴിയുന്നില്ല.
ഒരേ രീതിയില്‍ അനങ്ങാന്‍ പോലും കഴിയാതെ മൂന്നര മണിക്കൂറിലധികം നില്‍ക്കേണ്ടി വരുന്ന തീര്‍ത്ഥാടകരുടെ അവസ്‌ഥ അധികൃതര്‍ കണ്ട ഭാവമില്ല. മരക്കൂട്ടത്ത്‌ നിന്നും 18 ബ്ലോക്കുകളായുള്ള വിവിധ ക്യൂ കോംപ്ലക്‌സുകളിലാണ്‌ തീര്‍ത്ഥാടകരെ കയറ്റുന്നത്‌. ക്യൂ കോംപ്ലക്‌സുകള്‍ക്ക്‌ താങ്ങാന്‍ സാധിക്കുന്നതിന്റെ ഇരട്ടിയില്‍ അധികം പേരെയാണ്‌ ഇതിനുള്ളില്‍ കയറ്റി നിര്‍ത്തുന്നത്‌. തിങ്ങിനിറഞ്ഞ തീര്‍ത്ഥാടകര്‍ക്ക്‌ ഇടയിലൂടെ കുടിവെള്ളവും ബിസ്‌ക്കറ്റും എത്തിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്‌ ദേവസ്വം അധികൃതര്‍.
ഇതോടെ കുടിവെള്ളവും ലഘുഭക്ഷണവും ലഭിക്കാതെ ക്യൂ കോംപ്ലക്‌സിനുള്ളില്‍ കഴിയേണ്ടി വരുന്ന തീര്‍ത്ഥാടകരുടെ സ്‌ഥിതി വളരെ ദയനീയമാണ്‌. ബുധനാഴ്‌ച രാത്രി 12ന്‌ പമ്ബയില്‍നിന്നും എത്തിയ തീര്‍ത്ഥാടകന്‍ മരക്കൂട്ടത്തെ ക്യൂ കോംപ്ലക്‌സുകളില്‍ അടക്കം കയറി ഇറങ്ങി സന്നിധാനത്ത്‌ എത്തിയപ്പോഴേയ്‌ക്കും ഇന്നലെ ഉച്ചയ്‌ക്ക്‌ 12 മണിയായി. നെയ്യഭിഷേക സമയം കഴിഞ്ഞതിനാല്‍ ഇവര്‍ക്ക്‌ ഒരു ദിവസം കൂടി ശബരിമലയില്‍ ചെലവഴിക്കേണ്ട സ്‌ഥിതിയും ഉണ്ടായി. ഇതു തീര്‍ത്ഥാടകര്‍ക്ക്‌ അധിക സാമ്ബത്തിക ചെലവ്‌ ഉണ്ടാക്കുന്നുണ്ട്‌. കൂടാതെ ട്രെയിനിലും വിമാനത്തിലും മടക്ക ടിക്കറ്റുമായെത്തിയ ഭക്‌തരും പോലീസിന്റെ തലതിരിഞ്ഞ നയം കാരണം വലയുകയാണ്‌. ക്യൂ കോംപ്ലക്‌സുകളില്‍ ഇങ്ങനെ മണിക്കൂറുളോളം തളച്ചിടുന്ന നിലപാടിനോട്‌ ദേവസ്വം അധികൃതര്‍ക്കും യോജിപ്പില്ല.
മുന്‍ വര്‍ഷങ്ങളിലേത്‌ പോലെ ഇഷ്‌ടമുള്ളവര്‍ക്ക്‌ മാത്രം ക്യൂ കോംപ്ലക്‌സുകളില്‍ വിശ്രമിക്കാനുള്ള അവസരം ഒരുക്കുകയും മറ്റുള്ളവര്‍ക്ക്‌ ദര്‍ശനം നടത്തി സമയ ബന്ധിതമായി മലയിറങ്ങാനുള്ള സംവിധാനം ഒരുക്കുകയാണ്‌ വേണ്ടതെന്നാണ്‌ ദേവസ്വം അധികൃതര്‍ പറയുന്നത്‌. മാസ പൂജാ വേളയില്‍ 60,000 ഓളം ഭക്‌തര്‍ എത്താറുണ്ടെന്നും ഇതിന്റെ നാലിലൊന്നു പോലീസ്‌ പോലും ഇല്ലാത്ത ഈ കാലയളവില്‍ വളരെ ശാസ്‌ത്രീയമായി തീര്‍ത്ഥാടകര്‍ക്ക്‌ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെയാണ്‌ തീര്‍ത്ഥാടനം നടക്കുന്നത്‌. ഇപ്പോഴുള്ള പോലീസിന്റെ നയം മാറ്റിയില്ലെങ്കില്‍ മണ്ഡലപൂജയ്‌ക്കും മകരവിളക്ക്‌ സമയത്തും കെട്ട്‌ നിറയ്‌ക്കുന്നിടത്ത്‌ തന്നെ ഭക്‌തരെ തടഞ്ഞിടേണ്ട സ്‌ഥിതിയുണ്ടാകുമെന്നും ഭക്‌തര്‍ പറയുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *