ദിവസവും അല്പം തൈര് കഴിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. തൈരില്‍ കാത്സ്യം, വിറ്റാമിന്‍ ബി -2, വിറ്റാമിന്‍ ബി -12, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ നിരവധി അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നിരവധി അസുഖങ്ങളെ തടയാനുള്ള കഴിവ് തൈരിനുണ്ട്. തൈര് പതിവായി കഴിക്കുന്നവര്‍ക്ക് ശ്വാസകോശാര്‍ബുദം വരാനുള്ള സാധ്യത വളരെ കുറവാണെന്ന്’ സിയോള്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ’ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. തൈര് കഴിക്കുന്നതിലൂടെ ചെറുകുടലിനെ ബാധിക്കുന്ന അര്‍ബുദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും നിയന്ത്രിക്കുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിനും തൈര് കഴിക്കുന്നത് ഉത്തമമാണ്. ‘പ്രോബയോട്ടിക്കുകള്‍’ അടങ്ങിയതാണ് തൈര്. ഇത് ദഹനത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ തൈരിലെ ബാക്ടീരിയ രോഗാണുക്കളോട് പൊരുതുകയും കുടലിനെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ഓസ്ട്രിയയിലെ വിയന്ന സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഒരു കപ്പ് തൈര് കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വരണ്ട ചര്‍മ്മമില്ലാതാക്കാന്‍ തൈര് കഴിക്കുന്നത് നല്ലതാണ്. ഉയര്‍ന്ന അളവില്‍ ‘ലാക്ടിക് ആസിഡ്’ അടങ്ങിയ തൈര് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. തൈരില്‍ ധാരാളം വിറ്റാമിനുകളും, മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് കരുത്തും നനവും നല്കുന്നു. രക്തസമ്മര്‍ദം നിലനിര്‍ത്താനും തൈര് കഴിക്കുന്നത് ഉത്തമമാണെന്ന് ‘അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്’ വ്യക്തമാക്കുന്നു. കൊഴുപ്പില്ലാത്ത തൈര് കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത 31 ശതമാനം കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം എന്നീ പോഷകങ്ങളോടൊപ്പം തൈരിലെ പ്രത്യേക പ്രോട്ടീനുകളും ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.