പച്ചക്കറി വില കുതിക്കും, ആദ്യം സെഞ്ച്വറി കടന്ന് ഉളളി

November 1, 2023
28
Views

ശബരിമല തീര്‍ത്ഥാടനകാലത്തിന്റെ പശ്ചാത്തലത്തില്‍ പച്ചക്കറിവില കുതിച്ചുകയറുമെന്ന് ഉറപ്പായി.

തൃശൂര്‍: ശബരിമല തീര്‍ത്ഥാടനകാലത്തിന്റെ പശ്ചാത്തലത്തില്‍ പച്ചക്കറിവില കുതിച്ചുകയറുമെന്ന് ഉറപ്പായി. വിലക്കയറ്റത്തിന് തുടക്കമിട്ടത് ഉള്ളിയും സവാളയുമാണ്.

ഉള്ളി സെഞ്ച്വറി കടന്നപ്പോള്‍ തൊട്ടുപിന്നാലെയുണ്ട് മുരിങ്ങയും സവാളയും. മാസങ്ങള്‍ക്ക് മുൻപ് നൂറുരൂപ കടന്ന ഇഞ്ചിവില ഇനിയും കുറഞ്ഞിട്ടില്ല. നാടൻ പച്ചക്കറികളാണെങ്കില്‍ കിട്ടാനുമില്ല. വരള്‍ച്ചയും അപ്രതീക്ഷിതമായ മഴയും ചുഴലിക്കാറ്റുമായതോടെ നാട്ടിൻപുറങ്ങളിലെ കൃഷിനാശം വ്യാപകമായി. ഇതോടെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണനിലവാരം കുറ‌ഞ്ഞ പച്ചക്കറിയെ അമിതമായി ആശ്രയിക്കേണ്ടി വരും. ജനുവരി വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. ഉളളി തന്നെ മൂന്ന് തരത്തിലാണ് ലഭിക്കുന്നത്. ഒന്നാന്തരം ഉള്ളിക്ക് വൻ ഡിമാൻഡാണ്. മൊത്തവില തന്നെ നൂറുരൂപയിലേറെയുണ്ട്. മൂന്നാംതരം ഉള്ളി പകുതിവിലയ്ക്ക് കിട്ടാനുണ്ടെങ്കിലും ഒട്ടും ഗുണമില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ദ്ധനയാണ് വിലയിലുണ്ടായത്. വിലക്കയറ്റം പിടിച്ചു നിറുത്താൻ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ തുടങ്ങിയിട്ടുമില്ല.

ഉത്പാദനം കുറഞ്ഞു, വില കൂടി

ഉള്ളിയുടെ ഉത്പാദനം കുറഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉള്ളിയുടെ വിലയില്‍ പെട്ടെന്ന് വര്‍ദ്ധനയുണ്ടായത്. കര്‍ണാടകയിലും ആന്ധ്രാപ്രദേശിലുമാണ് ഉള്ളിക്കൃഷിയുള്ളത്. എന്നാല്‍ ഈ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി കൃഷിയില്‍ നഷ്ടമുണ്ടായി. കേരളത്തിലേതുപോലെ അപ്രതീക്ഷിതമായ കാലാവസ്ഥ തന്നെയാണ് ഉത്പാദനം കുറച്ചത്. അതേസമയം, ഉള്ളി പൂഴ്ത്തിവയ്ക്കുകയാണെന്ന ആക്ഷേപവുമുണ്ട്. ആറ് മാസത്തോളം സൂക്ഷിച്ചുവയ്ക്കാമെന്നതിനാല്‍ വൻ വിലക്കയറ്റമുണ്ടാക്കി ലാഭം നേടാനുള്ള തന്ത്രമാണെന്നും പറയുന്നു.

ശക്തൻമാര്‍ക്കറ്റിലെ മൊത്തവില ഒരു കിലോഗ്രാമിന്

(ചില്ലറവില പത്ത് രൂപ കൂടും)

ഇഞ്ചി : 110

ഉളളി: 100

മുരിങ്ങ: 100

ബീൻസ്: 85

സവാള: 65

പയറ്: 55

പാളയംകോടൻ: 45

ഉരുളൻ: 35

ക്യാബേജ്: 35

വെണ്ട:35

വഴുതന: 30

പച്ചമുളക്: 30

ക്യാരറ്റ് : 25

ബീറ്റ് റൂട്ട് : 20

തക്കാളി: 20

ഹോട്ടലുകളിലും ഉള്ളി ഔട്ട്

ഹോട്ടലുകളില്‍ ഉള്ളിവടയ്ക്കും മുട്ടറോസ്റ്റ് അടക്കമുള്ള വിഭവങ്ങളിലും ചെറിയ ഉള്ളിക്ക് പകരം സവാള ഇടംപിടിച്ചു. ഇനി സവാള വിലയും കൂടിയാല്‍ അത്തരം വിഭവങ്ങള്‍ തന്നെ ഹോട്ടലുകളില്‍ കുറയുമെന്ന് ഹോട്ടലുടമകള്‍ പറയുന്നു. രാജ്യത്ത് തന്നെ ഒട്ടുമിക്ക വിഭവങ്ങളുടെയും അടിസ്ഥാന ഘടകമാണ് ഉള്ളി. അതിനാല്‍ ഉള്ളിവില ഉയര്‍ന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം കടുക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *