കരയുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍; 50 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്

October 28, 2023
28
Views

പോരാട്ടം കനക്കുന്ന ഗസ്സയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു.

ദുബൈ: പോരാട്ടം കനക്കുന്ന ഗസ്സയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു. കരയുദ്ധത്തിന് ഇസ്രായേല്‍ തയാറെടുക്കവെ ഹമാസ് ബന്ദികളാക്കിയ അമ്ബത് പേര്‍ ഇസ്രായേലിന്റെ തന്നെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് സൈനിക വിഭാഗമായ അല്‍ഖസം ബ്രിഗേഡ് വെളിപ്പെടുത്തി.

അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ആറ് ഗള്‍ഫ് രാജ്യങ്ങളടക്കം ഒമ്ബത് അറബ് രാജ്യങ്ങള്‍ സംയുക്തമായി രംഗത്ത് വന്നു. അതിനിടെ, ഗസ്സയിലെ മരണസംഖ്യ 7000 കടന്നു. മരിച്ച മുഴുവൻ പേരുടെയും വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ടു.

ഗസ്സയിലെ മരണസംഖ്യയില്‍ സംശയം പ്രകടിപ്പിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡറനുള്ള മറുപടിയെന്നോണമാണ് ഗസ്സ ആരോഗ്യമന്ത്രാലയം കൊല്ലപ്പെട്ടവരുടെ മുഴുവൻ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. 212 പേജുള്ള റിപ്പോര്‍ട്ടില്‍ സംഘര്‍ഷം തുടങ്ങി ഇന്നലെ വരെ മരിച്ച 6,747 പേരുടെ വിവരങ്ങളുണ്ട്. പേരും വയസും ഐഡി നമ്ബറുമടക്കം. ഇനിയും തിരിച്ചറിയാത്ത 248 കുട്ടികള്‍ ഉള്‍പ്പെടെ 281 പേരുടെ പട്ടിക വേറയുമുണ്ട്. മൊത്തം മരണസംഖ്യ 7,028 ഇതില്‍ കുട്ടികള്‍ 2913.

കരയുദ്ധത്തിനെന്ന് സൂചന നല്‍കുന്ന വിധം ഇസ്രായേല്‍ ടാങ്കുകള്‍ ഗസ്സയിലേക്ക് നീങ്ങുന്ന ദൃശ്യങ്ങള്‍ ഇസ്രായേല്‍ സേന പുറത്തുവിട്ടു. അമേരിക്കയുടെ പൂര്‍ണ പിന്തുണയോടെയാണ് കരയുദ്ധത്തിനുള്ള ഒരുക്കം. 900 സൈനികരെ പെന്റഗണും മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. രണ്ട് വ്യോമ പ്രതിരോധ സംവിധാനങ്ങളും പശ്ചിമേഷ്യയിലെത്തിക്കും. ഈ പടയൊരുക്കത്തിനിടെയാണ്, ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തങ്ങള്‍ ബന്ദികളാക്കിയ 50 പേര്‍ കൊല്ലപ്പെട്ടുവെന്ന ഹമാസ് സൈനിക വിഭാഗത്തിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. അല്‍ഖസം ബ്രിഗേഡ് വാക്താവ് അബൂ ഉബൈദ ടെലിഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

അതിനിടെ, പണം നല്‍കി ബന്ദികളെ മോചിപ്പിക്കാൻ സന്നദ്ധമാണെന്ന് ഇസ്രായേല്‍ ഇടനിലക്കാരെ അറിയിച്ചുവെന്ന് ഇസ്രായേല്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷൻ റിപ്പോര്‍ട്ട് ചെയ്തു. 222 ബന്ദികളാണ് ഹമാസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ തിരിച്ചെത്തിക്കാൻ കഴിയാത്തതില്‍ ഇസ്രായേലില്‍ തന്നെ പ്രതിഷേധം പുകയുന്നുണ്ട്. ബന്ദികളുടെ മോചനത്തിന് സാധ്യമാതെല്ലാം ചെയ്യുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. കെയ്‌റോ സമാധാന ഉച്ചകോടിക്ക് പിന്നാലെയാണ് ആറ് ഗള്‍ഫ് രാജ്യങ്ങളടക്കം ഒമ്ബത് അറബ് രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന നടത്തിയത്. അതിനിടെ, റഷ്യയും ഹമാസ് നേതാക്കളും മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തിയത് ഇസ്രായേലിനെ പ്രകോപിപ്പിച്ചു. ബന്ദികളായി കഴിയുന്ന റഷ്യക്കാരുടെ മോചനത്തിനായാണ് ചര്‍ച്ചയെന്നാണ് അധികൃതരുടെ വിശദീകരണം. സംഘര്‍ഷം മൂര്‍ഛിക്കുമ്ബോള്‍ ഗസ്സക്കാര്‍ക്ക് സഹായവുമായി 12 വാഹനങ്ങള്‍ റഫ അതിര്‍ത്തി കടന്നെത്തിയെന്നതാണ് ആശ്വാസം നല്‍കുന്ന വാര്‍ത്ത.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *