മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 10 മരണം. നിരവധി പേരെ കാണാതായി. മുംബൈയിലെ ചേംബൂര, വിക്രോളി പാര്‍ക് ഭാഗങ്ങളിലാണ് പുലര്‍ച്ചെ സമയത്ത് മണിക്കൂറുകള്‍ നിര്‍ത്താതെ പെയ്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായത്. ഇവിടെ നിരവധി പേരെ കാണാതായിട്ടുണ്ട്. 15 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
ചുനഭത്തി, സിയോണ്‍, ദാദര്‍, ഗാന്ധി മാര്‍കറ്റ്, ചേംബൂര്‍, കുര്‍ള എല്‍.ബി.എസ് റോഡ് എന്നിവിടങ്ങളില്‍ പ്രളയം രൂക്ഷമായി തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും റോഡ് ഗതാഗതം മുടങ്ങി. ബോറിവലിയില്‍ പ്രളയപ്പാച്ചിലില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി. ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു.
ഞായറാഴ്ചയും കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച മഴയാണ് നഗരത്തെ വെള്ളത്തില്‍ മുക്കിയത്.