പരസ്പത സമ്മതോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം വിവാഹത്തിൽ നിന്നും പിൻമാറി; യുവാവ് കുറ്റക്കാരനല്ലെന്ന് ബോംബെ ഹൈക്കോടതി

December 23, 2021
270
Views

മുംബൈ: പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം വിവാഹത്തിൽ നിന്ന് പിൻമാറുന്നത് വഞ്ചനയല്ലെന്ന് ബോംബെ ഹൈക്കോടതി. കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീൽ ഹർജിയിലാണ് കോടതിയുടെ പരാമർശം. ദീർഘകാലം ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഇതോടെ കേസിൽ യുവാവിനെ കുറ്റക്കാരനാക്കി ഉത്തരവിട്ട കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പാൽഘർ സ്വദേശിയായ കാശിനാഥ് ഗാരട്ട് എന്നയാൾക്കെതിരെ ആയിരുന്നു കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നത്.

പരസ്പരം ഇഷ്ടത്തിലായിരുന്ന പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം കല്യാണം കഴിക്കാൻ വിസമ്മതിച്ചെന്നായിരുന്നു കുറ്റം. തുടർന്ന് ബലാത്സംഗം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു. കേസ് കോടതിയിലെത്തിയപ്പോൾ അഡീഷണൽ സെഷൻസ് ജഡ്ജി വഞ്ചനാക്കുറ്റത്തിന് ഇയാളെ ശിക്ഷിച്ചു. ബലാത്സംഗക്കേസിൽ വെറുതെ വിട്ടു.

ഇതിന് പിന്നാലെ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു കാശിനാഥ്. ജസ്റ്റിസ് അഞ്ജു പ്രഭുദേശായിയാണ് അപ്പീൽ ഹർജി പരിഗണിച്ചത്. വഞ്ചിതയായെന്ന് തെളിയിക്കാൻ പെൺകുട്ടിക്ക് കഴിഞ്ഞില്ലെന്നും പരസ്പര സമ്മതത്തോടെ ആയിരുന്നു ശാരീരികബന്ധമെന്നും കോടതി നിരീക്ഷിച്ചു. വ്യാജ വിവരങ്ങൾ നൽകിയോ വഞ്ചനയിലൂടേയോ അല്ല പെൺകുട്ടിയുമായി യുവാവ് ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്നും അതിനാൽ വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നത് വഞ്ചനയായി കണക്കാക്കാൻ സാധിക്കുകയില്ലെന്നും കോടതി വ്യക്തമാക്കി.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *