താമരശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട, 39 കിലോഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

February 26, 2022
115
Views

കോഴിക്കോട്: ആന്ധ്രപ്രദേശിൽ നിന്നും വില്പനക്കായി എത്തിച്ച 39 കിലോഗ്രാം കഞ്ചാവുമായി ഒരാളെ പൊലീസ് പിടികൂടി. പൂനൂർ വട്ടപ്പൊയിൽ, ചിറക്കൽ റിയാദ് ഹൌസിൽ നഹാസ് (37)നെയാണ് അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക വീട്ടിൽ നിന്നും കഞ്ചാവ് സഹിതം പിടികൂടുന്നത്.

കോഴിക്കോട് റൂറൽ എസ്.പി ഡോ എ ശ്രീനിവാസ് ഐ.പി.എസിൻ്റെ നിർദേശപ്രകാരം താമരശ്ശേരി ഡി.വൈ.എസ്.പി. അഷ്‌റഫ്‌ തെങ്ങിലക്കണ്ടി, നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി. അശ്വകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 14 കിലോഗ്രാം കഞ്ചാവുമായി വെള്ളിയാഴ്ച അസ്റ്റിലായ കൊടുവള്ളി തലപ്പെരുമണ്ണ പുൽപറമ്പിൽ ഷബീറിൽ (33) നിന്നാണ് മൊത്ത വിതരണക്കാരനായ നഹാസിനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

കഞ്ചാവ് സൂക്ഷിക്കുന്നതിനു വേണ്ടിയാണു വീട് വാടകക്ക് എടുത്തത്. ഈ മാസം 11 ന് ലോറിയുമായി ആന്ധ്രയിൽ പോയ നഹാസ് ഒരാഴ്ച കഴിഞ്ഞു കേരളത്തിലെത്തി മൊത്തവിതരണക്കാർക്ക് വില്പനനടത്തിയതിൽ ബാക്കിയാണ് കണ്ടെടുത്തത്. ഇയാളുടെ കൂട്ടാളികളെയും ചില്ലറ വില്പനക്കാരെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തി കർശന നടപടി എടുക്കുമെന്ന് ഡി.വൈ.എസ്.പി. അറിയിച്ചു. നവംബർ മാസത്തിനു ശേഷം മാത്രം 6 തവണയായി 300 കിലോയോളം കഞ്ചാവ് ഇങ്ങനെ എത്തിച്ചിട്ടുണ്ട്. വിൽപന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ ആർഭാടജീവിതം നയിക്കുകയാണ് ഇയാളുടെ പതിവ്.

മുൻപ് ഗൾഫിൽ ജോലി ചെയ്തിരുന്ന നല്ല സാമ്പത്തിക ശേഷിയുള്ള ഇയാൾ പെട്ടെന്ന് പണമുണ്ടാക്കുന്നതിനു വേണ്ടിയാണു മയക്കുമരുന്ന് കച്ചവടത്തിലേക്കു തിരിഞ്ഞത്. 3 മാസത്തോളം ഇയാൾ ആന്ധ്രയിൽ ഹോട്ടൽ നടത്തിയിരുന്നു. ഈ പരിചയമാണ് കഞ്ചാവ് ലോബിയുമായി ഇയാളെ അടുപ്പിച്ചത്.

10 മുതൽ 20 വർഷം വരെ തടവ് കിട്ടാവുന്ന ഗുരുതര കുറ്റ കൃത്യമാണ് ഇത്. വിശാഖപട്ടണം, ഒഡിഷ, എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് വർഷത്തിൽ പതിനായിര കണക്കിന് കിലോ കഞ്ചാവാണ് എത്തുന്നത്. ക്രൈം സ്‌ക്വാഡ് എസ് ഐ മാരായ രാജീവ്ബാബു, സുരേഷ്.വി.കെ, ബിജു. പി, രാജീവൻ.കെപി, എസ്.സി.പി.ഒ. ഷാജി.വി.വി,അബ്ദുൾ റഹീം നേരോത്ത്, താമരശ്ശേരി ഇൻസ്‌പെക്ടർ അഗസ്റ്റിൻ, എസ് ഐ മാരായ സനൂജ് വി എസ്, അരവിന്ദ് വേണുഗോപാൽ, എ എസ് ഐ ജയപ്രകാശ്, സി പി ഒ റഫീഖ്, എസ് ഒ ജി അംഗങ്ങളായ ശ്യം സി, ഷെറീഫ്, അനീഷ് ടി എസ്, മുഹമ്മദ്‌ ഷെഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *